തിരുവനന്തപുരം: കൊറോണ വ്യാപനവും കാലവര്‍ഷവും കണക്കിലെടുത്ത് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ ശുപാര്‍ശ നല്‍കി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണ. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറെ അദ്ദേഹം രേഖാമൂലം ഇക്കാര്യം അറിയിച്ചു. ഞായറാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗത്തില്‍ ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പായി ഉപതെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നായിരുന്നു തീരുമാനം. എന്നാല്‍ കൊറോണ വ്യാപനവും കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പു ഉപേക്ഷിക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
ഉപതെരഞ്ഞെടുപ്പ് നിര്‍ബന്ധമാണെങ്കില്‍ ഓഗസ്റ്റിൽ നാടത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പു നടന്നില്ലെങ്കിലും മറ്റു നിയമപ്രശ്‌നങ്ങള്‍ ഇല്ലെന്നും കമ്മീഷന്‍ പറയുന്നു. കൊറോണ വ്യാപന തോത് ഇപ്പോള്‍ വലിയ രീതിയിലാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം വരും മാസങ്ങളില്‍ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനൊപ്പം കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
കുട്ടനാട് എംഎല്‍.എ ആയിരുന്ന തോമസ് ചാണ്ടിയുടെയും ചവറ എം.എല്‍.എ ആയിരുന്ന വിജയന്‍ പിള്ളയുടെയും നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ കൊറോണ വ്യാപനം ശക്തമായതോടെ തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.