ബെംഗളൂരു: ആട്ടിടയന് കൊറോണ സ്ഥിരീകരിച്ചതോടെ 47 ആടുകളെ ക്വാറന്‍റീനില്‍ ആക്കി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ഗോദ്കെറെ ഗ്രാമത്തിലാണ് സംഭവം. ഇവിടെയാണ് ഒരു ആട്ടിടയന് കൊറോണ സ്ഥിരീകരിച്ചത്. ചിക്കനയകനഹള്ളി വില്ലേജില്‍ ആകെ 300 വീടുകളും 1000 ജനസംഖ്യയുമുണ്ടെന്നാണ് കണക്കുകള്‍. നാല് ആടുകള്‍ ചത്തതോടെയാണ് സ്ഥിതി രൂക്ഷമായത്. ആരോഗ്യ, വെറ്ററിനെറി അധികൃതര്‍ ഉടന്‍ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിന് ശേഷമാണ് 47 ആടുകളെ ഗ്രാമത്തിന് പുറത്ത് ക്വാറന്‍റീനില്‍ ആക്കിയത്.
അധികൃതര്‍ എത്തിയതോടെ ഗ്രാമവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ആടുകളെ പിടിച്ചുകൊണ്ടുപോകാനാണ് അധികൃതര്‍ എത്തിയതെന്നായിരുന്നു ഗ്രാമവാസികള്‍ കരുതിയത്. എന്നാല്‍, ആടുകള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നുവെന്നും പരിശോധന നടത്തണമെന്നുമുള്ള കാര്യങ്ങള്‍ അറിയിച്ച് ഗ്രാമവാസികളെ അധികൃതര്‍ ശാന്തരാക്കി. വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ചത്ത ആടുകളെ പോസ്റ്റ്‍മോര്‍ട്ടം ചെയ്യുമെന്നും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി മണിവണ്ണന്‍ പറഞ്ഞു.