അവിചാരിത തിരിച്ചടി ജോസ് വിഭാഗം അങ്കലാപ്പിൽ; സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന്

കോട്ടയം: യുഡിഎഫിനെ വരച്ചവരയിൽ നിർത്തി പിജെ ജോസഫിനെ മുട്ടു കുത്തിക്കാമെന്ന ജോസ് കെ മാണി വിഭാഗത്തിൻ്റെ കണക്കുകൂട്ടൽ പാളിയത് പാർട്ടിയിൽ ആശങ്ക ജനിപ്പിക്കുന്നു. ഇനിയെന്ത് എന്നതാണ് നേത്യത്വത്തെ അലട്ടുന്ന മുഖ്യവിഷയം. എൻ ഡിഎയും ഇടതുപക്ഷവും ഒരു പോലെ ഇവരെ സ്വീകരിക്കാൻ തയാറാണ്.

ഇടതുപക്ഷം ജോസ് പക്ഷത്തെ സ്വീകരിക്കാൻ കാത്തിരിക്കയാണെങ്കിലും യുഡിഎഫിൽ ലഭിച്ച മേൽ കൈയോ സ്വാതന്ത്യമോ ഇടതു പക്ഷത്ത് കിട്ടില്ലെന്ന് നേതാക്കളിൽ ചിലർ വിലയിരുത്തുന്നു. ആദ്യം മ്യദുസമീപനം സ്വീകരിച്ചാലും ക്രമേണ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നണി ഒതുക്കുമെന്ന് അവർ വിലയിരുത്തുന്നു. യുഡിഎഫിന് കീറാമുട്ടിയായിരുന്ന ആർ.ബാലക്യഷ്ണപിള്ളയും മകൻ ഗണേഷ് കുമാറും തന്നെ ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. പത്തനാപുരത്ത് ഗണേഷ് കുമാറിനെ വരിഞ്ഞ് മുറുക്കിയ സിപിഎം നയം കോട്ടയം ജില്ലയിൽ ഉടനീളം ആവർത്തിക്കാം. മധുവിധു കാലം കഴിഞ്ഞാൽ ജോസ് കെ മാണിയുടെ മേൽ സിപിഎമ്മിൻ്റെ പിടിമുറുകും. മുകളിലെ തട്ടിൽ എല്ലാ അംഗീകാരവും സ്വാതന്ത്ര്യവും നൽകുമ്പോൾ താഴെ തട്ടിൽ ഒതുക്കുക എന്ന തന്ത്രമാകും മുന്നണി നടപ്പാക്കുക.

മാണി സി കാപ്പൻ വിജയിച്ച പാലാ നിയമസഭാ മണ്ഡലം ഒരു കാരണവശാലും ഇടതുമുന്നണി ജോസ് പക്ഷത്തിന് നൽകില്ല. മാത്രവുമല്ല കാപ്പനെ ബദ്ധശത്രുവായി കാണുന്ന ജോസ് വിഭാഗത്തിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തവും ഉണ്ടാകും. പാർട്ടിക്ക് മുൻകൂർ സീറ്റ് ഉറപ്പിച്ച് മുന്നണി പ്രവേശനം ഇടതു മുന്നണിയിൽ സി പി ഐ അടക്കം അംഗീകരിക്കില്ല. അതിനാൽ ഉപാധികളില്ലാത്ത മുന്നണി പ്രവേശനമാണ് പാർട്ടിക്ക് മുന്നിലുള്ള ഏകവഴി.

അതേ സമയം ജോസ് വിഭാഗത്തിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. യുഡിഎഫ് പുറത്താക്കിയ സാഹചര്യത്തിൽ മുന്നണി മാറ്റമായിരിക്കും പ്രധാന അജണ്ട. രാവിലെ പത്തരയ്ക്ക് കോട്ടയത്താണ് യോഗം. യുഡിഎഫുമായി ഇനി ചർച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കൾ.

അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ട. പാ‍ർട്ടിയിലെ എംഎൽഎമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നു. ഈ സാഹചര്യത്തതിൽ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും വരെ ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്ക് നിൽക്കാനായിരിക്കും പാർട്ടി തീരുമാനമെന്നാണ് സൂചന.

സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തും. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജോസഫിന്‍റെ പിന്തുണയോടെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വസമായിരിക്കും പാർട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടമ്പ. എൽഡിഎഫ് പിന്തുണയുണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാം. ഇതിനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് വിവരം. അങ്ങിനെയെങ്കിൽ ഇടത് മുന്നണിയുമായുള്ള പുതിയ സഖ്യത്തിന്‍റെ നാന്ദിയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.

ഇതിനൊപ്പം എൻഡിഎയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന ബിജെപിയുടെ നിലപാട് മാനിക്കണമെന്ന അഭിപ്രായവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. അതേസമയം യുഡിഎഫിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ വരും നാളുകളിൽ പാർട്ടിയിൽ നിന്ന് മറുപക്ഷത്തേക്ക് കൊഴിഞ്ഞ് പോക്കുണ്ടാകുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്.