തൂത്തുക്കുടി: തൂത്തുക്കുടി സാത്താന്‍കുളം പോലീസ് സ്‌റ്റേഷനില്‍ അച്ചനെയും മകനെയും കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസുകാര്‍ കുടുങ്ങുമെന്ന് ഉറപ്പായി.മദ്രാസ് ഹൈക്കോടതി സംഭവത്തിൽ ഇടപെട്ടതോടെ പ്രതികളായ പോലീസുകാരുടെ രക്ഷപ്പെടാനുള്ള ശ്രമം പാളി. ഇവർക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നു മദ്രാസ് ഹൈക്കോടതി മധുരാ ബെഞ്ച് ഇന്ന് നിരീക്ഷിച്ചിരുന്നു.
കൊല്ലപ്പെട്ട ജയരാജിന്റെയും മകന്‍ ബെന്നിക്‌സിന്റെയും ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ ധാരാളം തെളിവുകളുണ്ടെന്നും മധുര ബെഞ്ച് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ട്. കസ്റ്റഡി മരണം സംബന്ധിച്ചു മജിസ്ട്രറ്റിനു മുന്നില്‍ മൊഴി നല്‍കിയ വനിതാ കോണ്‍സ്റ്റബിളിനു സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടിരുന്നു. സിബിഐ ഏറ്റെടുക്കുന്നതു വരെ സിബിസിഐഡി യോ തിരുനെല്‍വേലി ഐ ജിയോ കേസ് അന്വേഷിക്കണമെന്നു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസ് പരിഗണിക്കുന്നതിനു മുന്‍പ് എസിപി, ഡിസിപി, സാത്താന്‍കുളം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
കോവില്‍പെട്ടി മജിസ്‌ട്രേറ്റ് അന്വേഷണത്തില്‍ നിസ്സഹകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി. പോസ്റ്റമോര്‍ട്ടത്തിന്റെ വീഡിയോ റെക്കോര്‍ഡ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.സംഭവത്തിൽ ഉയർന്ന പ്രതിഷേധമാണ് കോടതി ഇടപെടലിന് വഴി തെളിച്ചത്.