മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മലപ്പുറം പൊന്നാനി താലൂക്കില്‍ കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവര്‍ക്ക് കൊറോണ പരിശോധന തുടങ്ങി. കൊറോണ ബാധിതതരായ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തുന്നത്. ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരാണ് എടപ്പാളിലെ ആശുപത്രിയിലുള്ളത്.
കൊറോണ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇവിടെ ജോലി ചെയ്തിരുന്നതിനാല്‍ ആരും ആശുപത്രി വിട്ട് പോകാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടിരുന്നു. നവജാത ശിശുക്കളും പ്രായമായവരും ആശുപത്രിയില്‍ തന്നെ തങ്ങുന്നതിനാലാണ് പരിശോധന ഇവിടെ നിന്നും തുടങ്ങിയത്. രണ്ട് ആശുപത്രികളിലും ജൂണ്‍ അഞ്ചു മുതല്‍ സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന്‍റെ പ്രാഥമിക പട്ടിക തന്നെ 20,000 കടന്നിട്ടുണ്ട്. രണ്ട് ആശുപത്രികളിലുമായുള്ളവര്‍ക്ക് പുറമേ പൊന്നാനി താലൂക്കില്‍ വ്യാപകമായി കൊറോണ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്‍പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ-ടാസ്കി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ കൂടി പരിശോധന നത്തും. മാര്‍ക്കറ്റുകളിലും കൊറോണ പരിശോധന നടത്തും. ഇതിനായി കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ പൊന്നാനിയില്‍ നിയോഗിച്ചിട്ടുണ്ട്.