കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കൊറോണ ജാഗ്രത കർശനമാക്കുന്നു. ജൂൺ 27-ന് ആത്മഹത്യ ചെയ്ത ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കൊറോണ സ്ഥിരീകരിക്കുകയും, കല്ലായി സ്വദേശിനിയായ ഗർഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താൻ സാധിക്കാതെ വരികയും ചെയ്തതോടെയാണ് കോഴിക്കോട് നഗരത്തിൽ വീണ്ടും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കുന്നത്.
പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് കോർപറേഷനിലെ മൂന്ന് വാർഡുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു വാർഡും കണ്ടൈൻമെൻ്റ സോണായി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ ഓരോ കണ്ടെയ്ൻമെന്റ് ഡിവിഷനിൽ നിന്നും നാളെ 300 വീതം സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ കോഴിക്കോട് രാഷ്ട്രീയ, സാംസ്കാരിക യോഗങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല. കോഴിക്കോട് നഗരത്തിലെ പിടി ഉഷ റോഡിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന കൃഷ്ണന് ഇവിടെ നിന്നാവാം കൊറോണ ബാധയുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ചെന്നൈ അടക്കമുള്ള വിദൂര ദേശങ്ങളിൽ നിന്നെത്തിയ പലരും ഫ്ളാറ്റിൽ ക്വാറൻ്റൈനിലിരുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ ഈ നിഗമനത്തിലെത്തിയത്.
ഫ്ളാറ്റിലെ 37 സാംപിൾ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളുടെ അടുത്ത ബന്ധുക്കളുടേയും അയൽവാസികളുടേയും സാംപിളുകളും ഉടനെ പരിശോധനയ്ക്ക് അയക്കും. ഇയാൾ മരിച്ച ദിവസം നൂറിലേറെ പേരാണ് വീട്ടിലെത്തിയത്. ഈ ആളുകളെല്ലാം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.