കൊച്ചി: നഗ്‌നശരീരത്തിൽ പ്രായ പൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമ ക്വാർട്ടേഴ്സ് ഒഴിയണമെന്ന് ബിഎസ്എൻഎൽ. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എൻ.എൽ. രഹ്നയെ പിരിച്ചു വിട്ടതിനു ശേഷവും ക്വാർട്ടേഴ്സിൽ താമസിക്കുന്നതിന് അർഹയല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
പ്രായ പൂർത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരച്ചത് സാമൂഹ്യമാധ്യമളിലൂടെ പ്രദർശിപ്പിച്ചതിന് രഹ്നയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ 25-ന് കൊച്ചി പനമ്പള്ളി നഗറിലെ രഹ്ന താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
ക്വാർട്ടേഴ്സിൽ പൊലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎസ്എൻഎല്ലിന്റെ നടപടി. പൊലീസ് റെയ്ഡ് നടത്തിയത് ബിഎസ്എൻഎല്ലിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതായകിനാൽ 30 ദിവസത്തിനുള്ളിൽ ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് ബിഎസ്എൻഎൽ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.