പാട്ന: ബിഹാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 111 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 15നാണ് ബിഹാറിലെ പാറ്റ്നയിൽ വിവാഹം നടക്കുന്നത്. പലിഗഞ്ച് ബ്ലോക്ക് സ്വദേശിയായ യുവാവിന്റെയായിരുന്നു വിവാഹം. ഗുരുഗ്രാമിൽ എഞ്ചിനിയറായിരുന്ന യുവാവ് വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്ത് എത്തിയത്.
വിവാഹ ചടങ്ങിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പാറ്റ്ന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വയറിളക്കത്തെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വരൻ അശുപത്രിയിൽ മരിച്ചിരുന്നു. വിവാഹം നടന്ന് ഒരു ദിവസത്തിന് ശേഷം മരിച്ച വരന്റെ സാമ്പിൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. ഇതിന് പിന്നാലെ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിവാഹ വേദിയിൽ നിന്ന് കൊറോണ ബാധിച്ചവരുടെ എണ്ണം 15 ആയതോടെ പ്രദേശത്ത് പ്രത്യേക ക്യാമ്പ് ഒരുക്കുകയായിരുന്നു. 400 ഓളം പേരാണ് വിവാഹത്തിലും, തുടർന്ന് വരന്റെ മരണാനന്തര ചടങ്ങിലുമായി പങ്കെടുത്തിരുന്നത്.