തൂത്തുക്കുടി കസ്റ്റഡി മരണം; പോലീസ് സ്‌റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥർ ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

തൂത്തുക്കുടി: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ വേറിട്ട നടപടിയുമായി മദ്രാസ് ഹൈക്കോടതി. കസ്റ്റഡി മരണം നടന്ന തൂത്തുക്കുടി സാത്താങ്കുളം പോലീസ് സ്‌റ്റേഷന്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്‌റ്റേഷന്‍ റവന്യൂ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനാണ് കോടതി ഉത്തരവ്. മജിസ്‌ട്രേറ്റിന്റെ അന്വേഷണത്തോട് പോലീസുകാര്‍ സഹകരിക്കാതാണ് കാരണം. അതേ സമയം കേസ് സി.ബി.ഐക്കു കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ജയരാജനും ബെനിക്‌സും പിന്നീട് മരിക്കുകയായിരുന്നു. എട്ടു മണിക്കു ശേഷം കട തുറന്നതിന്റെ പേരിലാണ് ബെനിക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അന്വേഷിച്ചു ചെന്ന അച്ചന്‍ ജയരാജനെതിരെയും കേസെടുക്കുകയായിരുന്നു.

ഇരുവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റ വിവരം പിന്നീടാണ് പുറത്തു വന്നത്. ജയിലിലേക്കു കൊണ്ടു വരുമ്പോള്‍ തന്നെ ഇരുവരുടെയും ദേഹത്തു പരിക്കുകള്‍ ഉണ്ടായിരുന്നു. ഇരുവരെയും കോവില്‍പെട്ടി സബ്ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് ഇവർ മരിച്ചത്. സംഭവത്തില്‍ സാത്തങ്കുളം ഇന്‍സ്‌പെക്ടര്‍ ശ്രീധറിനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു. നടന്നത് കൂട്ടായ ആക്രമണമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തൂത്തുക്കുടിയിലെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിനിമാതാരവും മക്കള്‍ നീതി മയ്യം സ്ഥാപക പ്രസിഡന്റുമായ കമല്‍ഹാസനും രംഗത്ത് വന്നിരുന്നു.