തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഇ–മൊബിലിറ്റി പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമെന്നു ഗതാഗതവകുപ്പ്. കേന്ദ്രം എംപാനല്‍ ചെയ്യുന്ന കമ്പനിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാം. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സുമായി ധാരണപത്രമില്ല. കമ്പനിക്ക് നിരോധനവുമില്ല. 80 ലക്ഷമാണ് ഫീസെങ്കിലും ഇതുവരെ ഒന്നും നല്‍കിയിട്ടില്ലെന്നും ഗതാഗതവകുപ്പ് ന്യായീകരിക്കുന്നു.
അതേസമയം സംസ്ഥാനസര്‍ക്കാരിന്റെ ഇ–മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. 4500 കോടിയുടെ പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാതെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹമെന്ന് ചെന്നിത്തല ആരോപിച്ചു. കരാര്‍ ലഭിച്ച പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഫയലുകള്‍ പരിശോധിക്കാതെ ചെന്നിത്തലയ്ക്ക് മറുപടി നല്‍കാനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു.
ഇലക്ട്രിക് ബസുകള്‍ വാങ്ങാനും നിര്‍മിക്കാനുമുള്ള ഇ–മൊബിലിറ്റി പദ്ധതിയിലാണ് രമേശ് ചെന്നിത്തല ക്രമക്കേട് ആരോപിക്കുന്നത്. 4500 കോടിരൂപ ചെലവുള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ ലഭിച്ച പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സ് സെബി വിലക്കിയ കമ്പനിയാണ്. സത്യം ഉള്‍പ്പെടെ ഒന്‍പത് വന്‍കുംഭകോണങ്ങളില്‍ അവര്‍ ആരോപണം നേരിട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് ടെന്‍ഡറില്ലാതെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്.
പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെതിരെ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി.ഷാ അയച്ച കത്തില്‍ മുഖ്യമന്ത്രി എന്തുനടപടിയെടുത്തെന്നും ചെന്നിത്തല ചോദിച്ചു. കെ.പി.എം.ജിയെ റീബില്‍ഡ് കേരള കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചപ്പോള്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ പോലും ഇ–മൊബിലിറ്റിയില്‍ പാലിച്ചില്ല.
സ്പ്രിന്‍ക്ളര്‍, ബെവ്ക്യു, പമ്പാമണല്‍, തോട്ടപ്പള്ളി കരിമണല്‍ തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ഇ–മൊബിലിറ്റി പദ്ധതിയിലെ ദുരൂഹതയ്ക്ക് എതിരേ പ്രതിപക്ഷം രംഗത്ത് വന്നത്.