കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഇന്ധന വില. ഇന്ന് പെട്രോൾ ലിറ്ററിന് അഞ്ചു പൈസയും ഡീസൽ 12 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചക്കിടെ പെട്രോൾ ലിറ്ററിന് 9 രൂപ 22 പൈസയും ഡീസൽ 10 രൂപ 47 പൈസയും വർധിച്ചു. അതേസമയം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഉത്തരേന്ത്യയിൽ പ്രതിഷേധം അക്രമാസക്തമാകുന്നതായി റിപ്പോർട്ടുണ്ട്.
കൊച്ചിയിൽ പെട്രോൾ വില 80 രൂപ 69 പൈസയായി. ഡീസൽ ഒരു ലിറ്റർ വാങ്ങാൻ 76 രൂപ 33 പൈസ നൽകണം. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82 രൂപ 15 പൈസയാണ് വില. ഡീസലിന് 77 രൂപ 70 പൈസയും. മൂന്നാഴ്ചയ്ക്ക് ഒടുവിൽ ഇന്നലെ ഇന്ധനവിലയിൽ മാറ്റമുണ്ടായില്ല. തുടർച്ചയായി 21 ദിവസം വർധിപ്പിച്ചതിന് ശേഷമാണ് ഇന്നലെ വിലയിൽ മാറ്റമില്ലാതെ തുടർന്നത്.
രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80 രൂപ 43 പൈസയായി. ഡീസലിന് 80 രൂപ 53 പൈസ നല്‍കണം. ഇടക്കാലത്തിന് ശേഷം ജൂൺ ഏഴ് മുതലാണ് എണ്ണക്കമ്പനികൾ പ്രതിദിന വില നിർണയം പുനരാരാംഭിച്ചത്.
അതേ സമയം തുടർച്ചയായ ഇന്ധന വില വർധനയെത്തുടർന്ന് പ്രതിസന്ധിയിലായ ട്രക്ക് ലോറി സർവീസ് പ്രവർത്തനം നിർത്തി വയ്‌ക്കുമെന്ന് ഓൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ (എകെടിഒഎ) സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇന്ധന വില വർധനക്കെതിരെ അസോസിയേഷന്റെ കീഴിലുള്ള 5,000 ട്രക്ക് ഉടമകൾ പ്രവർത്തനം നിർത്തി വയ്‌ക്കും. സംസ്ഥാനത്തെ മറ്റ് ട്രക്ക് ഉടമ അസോസിയേഷനുകളുമായി ചർച്ച നടത്തി സമര പരിപാടി ആസൂത്രണം ചെയ്യുമെന്ന് ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു.