ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ടിക് ടോക് താരം കൊല്ലപ്പെട്ട നിലയില്‍; പ്രതിക്കായി വലവിരിച്ചു

സോനിപത്ത്: ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ടിക് ടോക് താരത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സോനിപത്ത് സ്വദേശിനിയായ ശിവാനി ഖുബിയാനെയാണ് സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശിവാനിയെ കൊല്ലപ്പെടുത്തിയതിന് ശേഷവും പ്രതി അവരുടെ ഫോണില്‍ നിന്ന് മെസേജും ഫോട്ടോയും അയച്ചിരുന്നതിനാല്‍ ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതിയത്.

ജൂണ്‍ 26നാണ് കൊലപാതകം. എന്നാല്‍, ഞായറാഴ്ചയാണ് വിവരം പുറത്തറിയുന്നത്. അയല്‍ക്കാരനായ ആരിഫ് എന്നയാളാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ആരോപിച്ചു. ‘ആരിഫ് ഏറെക്കാലമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട 26ന് ഇത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ശിവാനി പറഞ്ഞു. സമയം കഴിഞ്ഞിട്ടും കാണാതായതോടെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. മെസേജിന് മറുപടി വന്നു. താന്‍ ഹരിദ്വാറിലാണെന്നും ചൊവ്വാഴ്ച തിരിച്ചെത്തുമെന്നുമായിരുന്നു സന്ദേശം’-സഹോദരി ശ്വേത പറഞ്ഞു.

കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അയല്‍ക്കാരന്‍ ഒളിവിലാണ്. ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവാനിയെ ശല്യപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ഞായറാഴ്ച ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപത്തെ വ്യക്തി കുടുംബത്തെ അറിയിക്കുകയായിരുന്നു. ബന്ധു പോയി നോക്കിയപ്പോഴാണ് ശിവാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരിഫിന്റെ ശല്യം കാരണം ഒരിക്കല്‍ വീടുമാറിയെന്നും എന്നാല്‍, പുതിയ വീടും ഇയാള്‍ കണ്ടെത്തിയെന്നും ശിവാനിയുടെ പിതാവ് പറഞ്ഞു.
ആരിഫിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു