ആത്മഹത്യ ചെയ്ത വ്യക്തിക്കു കൊറോണ ; കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ ഏഴു പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി

കോഴിക്കോട്: രണ്ടു ദിവസം മുന്‍പ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത വ്യക്തിക്കു കൊറോണ പോസിറ്റിവ് സ്ഥിരികരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ ഏഴു പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. മരിച്ചയാളുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ. അടക്കമുള്ള ഏഴു പോലീസുകാരാണ് നിരീക്ഷണത്തില്‍ പോയത്.

27-ാം തിയതി ഉച്ചയോടെയായിരുന്നു കോഴിക്കോട് വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണന്‍ (68) കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇയാള്‍ക്ക് കൊറോണ പരിശോധനയും നടത്തിയിരുന്നു. ഇന്നാണ് ഇയാളുടെ പരിശോധനാ ഫലം വന്നത്. ഫലം പോസിറ്റിവ് ആയതോടെയാണ് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടത്. ഇയാള്‍ക്ക് രോഗബാധയേറ്റതിന്റെ ഉറവിടം വ്യക്തമല്ല. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് ചെന്നൈയില്‍ നിന്നും എത്തിയ ആളുകളും ഉണ്ടായിരുന്നു. ഇവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നു സംശയിക്കുന്നുണ്ട്.

ഇയാളുടെ മൃതദേഹം കാണാന്‍ പോയ നാട്ടുകാരുടെയും ബന്ധുക്കളുടെയും വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.