കൊച്ചി: തുടർച്ചയായ ഇന്ധന വില വർധനയെത്തുടർന്ന് പ്രതിസന്ധിയിലായ ട്രക്ക് ലോറി സർവീസ് പ്രവർത്തനം നിർത്തിവയ്‌ക്കുമെന്നു ഓൾ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ(എകെടിഒഎ) സംസ്ഥാന കമ്മിറ്റി. വാടക കുത്തനെ ഇടിഞ്ഞതോടെ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രളയ കാലത്തും കൊറോണ പ്രതിസന്ധിയിലും ജീവൻ പണയപ്പെടുത്തിയാണ് ട്രക്ക് തൊഴിലാളികളും ഉടമകളും സർവീസ് നടത്തുന്നത്.
ഇന്ധന വില വർധനക്കെതിരെ അസോസിയേഷന്റെ കീഴിലുള്ള 5,000 ട്രക്ക് ഉടമകൾ പ്രവർത്തനം നിർത്തി വയ്‌ക്കും. സംസ്ഥാനത്തെ മറ്റ് ട്രക്ക് ഉടമ അസോസിയേഷനുകളുമായി ചർച്ച നടത്തി സമര പരിപാടി ആസൂത്രണം ചെയ്യുമെന്ന് ട്രക്ക് ഓണേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
ലോക്ഡൗൺ കാലയളവിലെ റോഡ് നികുതിയും വാഹന വായ്പയുടെ മൊറോട്ടോറിയം കാലയളവിലെ പലിശയും ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വി ശ്രീദേവ്, സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ പോൾ , ഭാരവാഹികളായ സുമീഷ് ജോസഫ്, യഹിയ കപ്പൂരി, എം കെ സുമന്ത്, പ്രശാന്ത് നിലമ്പൂർ എന്നിവർ സംബന്ധിച്ചു.