ജീവിച്ചിരിക്കുന്ന എസ് ജാനകിയെ ‘കൊന്ന് ‘ ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽമീഡിയ

കൊച്ചി: നുണകൾ അതിവേഗത്തിൽ വിശ്വസനീയമായി സോഷ്യല്‍ മീഡിയയിലൂടെ കത്തി പടരുന്നു. കാണാനില്ല, ചികിൽസാ സഹായം, കൊറോണ മുന്നറിയിപ്പ്, മത, രാഷ്ട്രീയ നേതാക്കൾ, കലാസാംസ്കാരിക നായകർ, ഉദ്യോഗസ്ഥർ …. തുടങ്ങി എല്ലാ മേഖലയിലുള്ളവരുടെയും പേരും ശബ്ദ സന്ദേശവുമടക്കമുള്ള വാർത്തകൾ പ്രചരിക്കുമ്പോൾ ഇത് പലരെയും ഞെട്ടിക്കും. ഒത്തിരി പേർ ശരിതെറ്റുകളറിയാതെ ഫോർവേഡ് ചെയ്ത് ഈ കണ്ണിയിൽ പങ്കാളികളാകുന്നു.
ലോക്ക് ഡൗൺ കാലത്ത് വ്യാജസന്ദേശങ്ങളുടെ കുത്തൊഴുക്കാണ്.

പൂര്‍ണ ആരോഗ്യത്തോടെയുള്ള പല സെലിബ്രിറ്റികളെയും സോഷ്യൽ മീഡിയ ജീവനോട് കൊന്നിട്ടുണ്ട്. അക്കൂട്ടത്തിലെ ഇന്നത്തെ ഇരയാണ് ജാനകിയമ്മ.

കേട്ട പാതി കേള്‍ക്കാത്ത പാതി, ജാനകി അമ്മ വിടവാങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. വാട്‌സാപ്പിലും ഫേസ്ബുക്കിലും ജാനികയിമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പിയ്ക്കുന്ന തിരക്കിലായിരുന്നു ചിലര്‍.

ജാനകിയുടെ ചിത്രത്തോടൊപ്പം ‘എസ് ജാനകിയമ്മ വിടവാങ്ങി, ഗാനകോകിലം എസ്. ജാനകിയമ്മക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ, പ്രണാമം’ എ​ന്നെഴുതിയായിരുന്നു പ്രചാരണം. ഞായറാഴ്ച ഉച്ചമുതലാണ് സമൂഹമാധ്യമങ്ങൾ വഴി ഈ വാർ‌ത്ത പ്രചരിച്ചത്.

പ്രശസ്ത വ്യക്തികൾ മരിച്ചുവെന്ന വ്യാജ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പലപ്പോഴായി ഉണ്ടാകാറുണ്ട്. സിനിമാ താരങ്ങളായ സലീം കുമാർ, മാമുക്കോയ, വി.കെ ശ്രീരാമൻ, സീരിയൽ താരം അനു ജോസഫ് എ​ന്നിവർ ഇത്തരം പ്രചാരണത്തിനു ഇരയായിട്ടുണ്ട്. തങ്ങൾ മരിച്ചിട്ടില്ലെന്നു പ്രസ്താവനയിറക്കാൻ ഇൗ താരങ്ങളെല്ലാം നിര്‍ബന്ധിതരാവുകയും ചെയ്തു.

ജാനകി അമ്മയെ കൊല്ലുന്നത് ഇത് മൂന്നാം തവണയാണ്. 2010 മെയ് മാസത്തില്‍ എസ് ജാനകി മരിച്ചു എന്നൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൊന്നുമല്ല, ആന്ധ്രജ്യോതി എന്ന പത്രത്തില്‍ അച്ചടിച്ച് തന്നെ. അന്ന് ചിരിച്ചുകൊണ്ടാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട ജാനകിയമ്മ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. പിറ്റേന്നത്തെ എഡിഷനില്‍ പത്രം തിരുത്ത് നല്‍കി മുഖം രക്ഷിച്ചു. പിന്നെ 2017ൽഎസ് ജാനകി സംഗീത ജീവിതം അവസാനിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ എസ് ജാനകി ജീവിതം അവസാനിപ്പിച്ചു എന്ന് പ്രചരിപ്പിച്ചു.

ഇപ്പോഴിതാ വീണ്ടും എസ് ജാനകി മരിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വീണ്ടും പ്രചരിക്കുകയാണ്.

പ്രശസ്തയായ ചലച്ചിത്രപിന്നണിഗായികയാണ് എസ്. ജാനകി.1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനനം.മൂന്നാം വയസില്‍ സംഗീതം പഠിച്ചു തുടങ്ങി. പത്താം വയസില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു.പൈതി സ്വാമിയായിരുന്നു ഗുരു. ജാനകിയുടെ സംഗീത ജീവിതത്തിന് നിര്‍ണായക പങ്കുവഹിച്ചത് അമ്മാവന്‍ ഡോ. ചന്ദ്രശേഖര്‍ ആണ്.അദ്ധേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി ജാനകി മദ്രാസിലേക്ക് പോവുന്നത്.

ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയാവുന്നത്.അതിനുശേഷം മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു. 1957ല്‍ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്തേക്ക് കടന്നു വരുന്നത്.

തെലുങ്ക് ചിത്രമായ എം.എല്‍.എല്‍ അവസരം ലഭിച്ചതിനുശേഷം ജാനകി തിരക്കുള്ള പിന്നണി ഗായികയായി. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര ബഡുഗ, ജര്‍മ്മന്‍ ഭാഷകളിലും പാടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ജാനകി ആലപിച്ചിട്ടുണ്ട് .

1200 പരം മലയാള സിനിമാ ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.സംഗീതത്തിന് ഭാഷ തടസ്സമല്ലെന്ന് ഓരോ പാട്ടുകളിലൂടെ ജാനകി തെളിയിച്ചുകൊണ്ടേയിരുന്നു.സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജാണ് ജാനകിയെ മലയാളസനിമയിലേക്ക് കൊണ്ടുവരുന്നത്.കുട്ടികളുടെ സ്വരത്തില്‍ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്.

മലയാളത്തില്‍ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. തളിരിട്ട കിനാക്കള്‍ …(മൂടുപടം) വാസന്ത പഞ്ചമി നാളില്‍…(ഭാര്‍ഗ്ഗവി നിലയം) സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി) മനിമുകിലെ…(കടത്തുകാരന്) കവിളത്ത് കണ്ണീര്‍ കണ്ടു…(അന്വേഷിച്ചു കണ്ടെത്തിയില്ല) താമരകുംപിളല്ലോ…(അന്വേഷിച്ചു കണ്ടെത്തിയില്ല) അവിടുന്നേന്‍ ഗാനം കേള്‍ക്കാന്‍…(പരീക്ഷ) എന്‍ പ്രാണ നായകനെ..(പരീക്ഷ)… കണ്ണില്‍ കണ്ണില്‍…(ഡേഞ്ചര്‍ ബിസ്‌കറ്റ്) താനേ തിരിഞ്ഞും മറിഞ്ഞും…(അമ്പലപ്രാവ് ) ഇന്നലെ നീയൊരു…(സ്ത്രീ) എന്നിവ മലയാളത്തില്‍ ജാനകി പാടിയ പാട്ടുകളില്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പെടുന്നവയാണ്.

ഗായിക എന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.നിരവധി തമിഴ്, തെലുഗു ചിത്രങ്ങള്‍ക്കു വേണ്ടി അവര്‍ ഗാനങ്ങളെഴുതി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ് എസ്.ജാനകിക്ക് ലഭിച്ചു. 1976ല്‍ ഭപതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്.

1980ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍… എന്ന ഗാനത്തിനും 1984ല്‍ തെലുഗു ചിത്രമായ ഭസിതാര’യില്‍ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992ല്‍ തമിഴ് ചിത്രമായ ഭതേവര്‍മകനില്‍ ഇഞ്ചി ഇടിപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്.

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തു തവണയും ലഭിച്ചിട്ടുണ്ട്.തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005ലും ലഭിച്ചു.എന്നാല്‍ 2013 ല്‍ ലഭിച്ച് പത്മഭൂഷന്‍ ഗായിക നിരസിച്ചു.

എസ് ജാനകിയുടെ സംഗീത ജീവിതത്തെ അടയാളപെടുത്തിയ ഗ്രന്ഥാമാണ് ‘എസ് .ജാനകി ആലാപനത്തില്‍ തേനും വയമ്പും’.ഭര്‍ത്താവ് പരേതനായ വി. രാമപ്രസാദ്.ഭര്‍ത്താവിന്റെ മരണശേഷം ജാനകി സിനിമ രംഗത്തുനിന്നും വിട്ടുനിന്നു.കൂടുതല്‍ സമയവും പ്രാര്‍ത്ഥനക്കായി ചെലവിടുന്ന അവര്‍ ഇടക്ക് ഭക്തിഗാന കാസെറ്റുകള്‍ക്കു വേണ്ടി പാടുന്നുണ്ട്. മകന്‍: മുരളീ കൃഷ്ണ. മരുമകള്‍; ഉമ.