കൊച്ചി: സമ്പൂർണ ബൈബിൾ അതി മനോഹരമായ കൈയക്ഷരത്തിൽ പൂർണതയോടെ പകർത്തിയെഴുതി പ്രവാസി വീട്ടമ്മ. അച്ചടിച്ച ബൈബിബിനെക്കാൾ മനോഹരമാണ് പകർത്തിയെഴുതിയതിലെ കൈയ്യക്ഷരം. വള്ളി, പുള്ളി മാറ്റമില്ല. അക്ഷരങ്ങൾക്ക് സാധാരണ പ്രിൻറ് ചെയ്തതിനെക്കാൾ വലിപ്പം കൂടുതലായതിനാൽ അനായാസം വായിക്കുകയുമാവാം.

പിഒസി ബൈബിളാണ് തൃപ്പൂണിത്തുറ സ്വദേശി സിജി സാബു പകർത്തിയെഴുതിയത്. ഉള്ളടക്കവും ആമുഖവുമടക്കം എല്ലാം കൈയെഴുത്ത് ബൈബിളിലുണ്ട്. എ-4 പേപ്പറിലാണ് ബൈബിളിൻ്റെ പകർത്തിയെഴുത്ത് സിജി പൂർത്തിയാക്കിയത്. പഴയ നിയമം 975 പേജും, പുതിയ നിയമം 299 പേജും അതെ പടി പകർത്തിയിരിക്കുന്നു. ബൈബിൾ വചനങ്ങൾ പഠിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള താൽപര്യമാണ് ഈ പകർത്തെഴുത്തിന് പ്രേരിപ്പിച്ചതെന്ന് സിജി പറയുന്നു. 2015 ജനുവരി 1ന് ആരംഭിച്ച പകർത്തിയെഴുത്ത് 2018 ഒക്ടോബർ 31നാണ് പൂർത്തിയാക്കിയത്.

“സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിൽ കരിസ്മാറ്റിക് കുട്ടായ്മ്മയിലൂടെ ലഭിച്ച വചന താല്പര്യമാണ് ഈ ദൗത്യത്തിന് പ്രേരിപ്പിച്ചത്. ഏറെതടസങ്ങളുണ്ടായെങ്കിലും പരിശുദ്ധ കന്യാമാതാവിന്റെ മധ്യസ്ഥതതയിലാണ് പകർത്തിയെഴുത്ത് പൂർത്തീകരിച്ചത്.

ഭർത്താവ് സാബു മാത്യു, കേരള കാത്തലിക് അസോസിയേഷൻ ഭാരവാഹികളായ ഫാ.മാർട്ടിൻ മന്നത്, സെബാസ്റ്റ്യൻ കട്ടപ്പുറം എന്നിവർ നൽകിയ പ്രോൽസാഹനം ബൈബിൾ പകർത്തിയെഴുതാൻ പ്രചോദനമായി ” സിജി പറയുന്നു.