വിവാദ പോസ്റ്റുകളും സാമൂഹികമാധ്യമ നയങ്ങൾ ലംഘിക്കുന്ന പരസ്യങ്ങളും ഫേസ്ബുക്ക് നീക്കും

ന്യൂയോര്‍ക്ക്: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവാദ പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളുടെ നയങ്ങളെ ലംഘിക്കുന്ന പരസ്യങ്ങളും പോസ്റ്റുകളുമെല്ലാം നീക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്.

പരസ്യദാതാക്കളായ വന്‍കിട കമ്പനികളുടെ കൂട്ടത്തോടെയുള്ള പിന്‍മാറ്റത്തിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് പരസ്യങ്ങളോടും വിദ്വേഷ പോസ്റ്റുകളോടുമുള്ള നയം കടുപ്പിച്ചു ഫേസ്ബുക്ക് മുന്നോട്ടു വന്നിരിക്കുന്നത്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് പുതിയ നയങ്ങളെക്കുറിച്ച് അറിയിച്ചത്. പ്രമുഖ അമേരിക്കന്‍ കോര്‍പ്പറേറ്റ് യൂണിലിവര്‍ ഫേസ്ബുക്ക് വഴിയുള്ള അടുത്ത ആറു മാസത്തെ പെയ്ഡ് പരസ്യങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം.

യൂണിലിവര്‍, കൊക്കക്കോള, ഹോണ്ട, ഹെര്‍ഷൈ, ലുലുലെമണ്‍, ജാന്‍സ്‌പോര്‍ട്ട്, എന്നിങ്ങനെ നൂറോളം പ്രമുഖ കമ്പനികളാണ് ഫേസ്ബുക്കില്‍ നിന്നും പരസ്യങ്ങള്‍ പിന്‍വലിച്ചിട്ടുള്ളത്. പുതിയ ഫേസ്ബുക്ക് നയം പ്രകാരം പ്രാധാന്യമുള്ള പോസ്റ്റുകള്‍ ഒഴികെ ഫേസ്ബുക്കിന്റെ പോളിസികളെ തെറ്റിക്കുന്ന ഏതു പോസ്റ്റുകളും ലേബല്‍ ചെയ്യും. തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ക്കും ഇതു ബാധകമാണെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രിയക്കാരുടെ പരസ്യങ്ങളും ഇത്തരത്തില്‍ ലേബല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഒരാളുടെ വോട്ടവകാശം ഹനിക്കുന്ന പോസ്റ്റുകളും സംഘര്‍ഷത്തിനിടയാക്കുന്ന പോസറ്റുകളും ഇപ്പോഴത്തെ ഗൈഡ്‌ലൈന്‍ അനുസരിച്ച നീക്കം ചെയ്യുന്നുണ്ട്. യൂണിലിവര്‍ പരസ്യങ്ങള്‍ പന്‍വലിച്ചതോടെ 7 ശതമാനത്തോളം ഇടിവാണ് ഫേസ്ബുക്കിന്റെ ഓഹരികള്‍ക്കു സംഭവിച്ചത്. ഫേസ്ബുക്കിന്റെ വരുമാനത്തില്‍ 98 ശതമാനവും വരുന്നത് പരസ്യങ്ങളില്‍ നിന്നാണ്. പകര്‍ച്ച വ്യാധികള്‍ക്കിടയില്‍ പരസ്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായാല്‍ ഫേസ്ബുക്കിനു ഉണ്ടാകുന്ന സാമ്പത്തിക ആഘാതം നിര്‍ണയിക്കാന്‍ പ്രയാസമാണ്.