കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികള്‍ ജൂലൈ ഒന്ന് മുതല്‍ നിബന്ധനകളോടെ തുറക്കുമെന്ന് ആര്‍ച്ചുബിഷപ്പ് മാർ ആന്റണി കരിയില്‍. കൊറോണ പടരുന്ന സാഹചര്യത്തില്‍ പള്ളിയിലുള്ള ക്രമീകരിണങ്ങള്‍ അതീവ ശ്രദ്ധയോടെ നടത്തണമെന്നും മാർ കരിയില്‍ സർക്കുലറിൽ വ്യക്തമാക്കുന്നു.
വൈദീകനും സഹായികളും ഗായകരും ഉള്‍പ്പെടെ പരാമാവധി 25 പേര്‍ക്ക് മാത്രമേ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. വിവാഹത്തിനും മനസമ്മതത്തിനു പരമാവധി 50 പേര്‍ക്കും മൃതസംസ്‌കാര ശുശ്രൂഷയില്‍ 20 പേര്‍ക്കും പങ്കെടുക്കാം. മറ്റെല്ലാ പരിപാടികള്‍ക്കും 25 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ആരാധനാലയങ്ങള്‍ എത്തുന്നവര്‍ അവര്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്നും മെത്രാപ്പൊലീത്തൻ വികാരി സർക്കുലറിൽ വ്യക്തമാക്കുന്നു.
ഓരോ ദിവസവും പള്ളിയില്‍ വരുന്നവരുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്റര്‍ ബുക്കില്‍ കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ പോലീസോ മറ്റ് അധികാരികളോ ആവശ്യപ്പെട്ടാല്‍ ഉടനെ വിവരങ്ങൾ നൽകത്തക്ക വിധം പള്ളികൾ സൂക്ഷിക്കണമെന്നും മാർ കരിയിൽ സർക്കുലറിൽ പറയുന്നു.
വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിച്ചുവേണം ഇരിപ്പിടം ക്രമീകരിക്കാൻ. പത്തു വയസ്സിനു താഴെയുള്ളവരും 65 വയസ്സിനു മുകളിലുള്ളവും രോഗികളും ഗര്‍ഭിണികളും പരിപാടികളില്‍ പങ്കെടുക്കുവാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്നും സർക്കുലർ പറയുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്‍പും ശേഷവും വൈദീകൻ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും കഴിയുന്നത്ര അകന്ന് നിന്ന് ഉള്ളം കൈയിൽ കുർബാന സ്വീകരിക്കണമെന്നും ഹോട്ട്‌സ്‌പോട്ട് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ സർക്കാർ നിർദ്ദേശം പാലിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.