കടകളിലും സ്ഥാപനങ്ങളിലും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണം; ഡിജിപി

തിരുവനന്തപുരം: കടകളിലും സ്ഥാപനങ്ങളിലും ഒരു നിശ്ചിതസമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്ന വിധം പോസ്റ്റര്‍ പതിക്കുന്നതുവഴി നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കൊറോണ വ്യാപനം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച്‌ 10,000 രൂപ വരെ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ക്കുകയാണു ചെയ്യുക. പിന്നീടു കേസ് കോടതിയില്‍ ഫയല്‍ ചെയ്യും.

ക്വാറന്റീന്‍ ലംഘനം,അകലം പാലിക്കാതെയുള്ള കൂട്ടം ചേരല്‍, വാഹനങ്ങളില്‍ അധികം യാത്രക്കാരെ കയറ്റുക, രാത്രി 9 നു ശേഷം അനധികൃതമായി പുറത്തിറങ്ങുക, വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസറോ കൈ കഴുകുന്നതിനുള്ള സംവിധാനമോ ഏര്‍പ്പെടുത്താതിരിക്കുക, നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളെ കടയില്‍ കയറ്റുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണു നടപടി.