ന്യൂഡെല്‍ഹി: തലസ്ഥാനത്ത് കൊറോണ കേസുകൾ അനുദിനം വർധിക്കുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയില്‍ കൊറോണ പരിശോധനകളുടെ എണ്ണം നാലിരട്ടിയായി ഉയര്‍ത്തുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. 20000 ത്തോളം കൊറോണ പരിശോധനകള്‍ പ്രതിദിനം ഡെല്‍ഹിയില്‍ നടത്തുന്നുണ്ടെന്നും രോഗബാധയേറ്റവര്‍ക്കായി ആശുപത്രികളില്‍ 13500 ഓളം കിടക്കകളും ഒരുക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്ക് ഒക്‌സിമീറ്റര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രറ്റര്‍ സംവിധാനങ്ങള്‍ ലഭ്യമാക്കിക്കൊണ്ടും പ്ലാസ്മാ തെറാപ്പി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും പകര്‍ച്ചവ്യാധിയെ തടയാനുള്ള എല്ലാ നടപടികള്‍ക്കായും ഡെല്‍ഹി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡെല്‍ഹിയില്‍ നിലവില്‍ ആവശ്യമായ കിടക്കകള്‍ ലഭ്യമാണെന്നും ടെസ്റ്റുകളുടെ തോത് വര്‍ധിപ്പിക്കുന്നതിനായി ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകള്‍ നല്‍കിയതിനു കേന്ദ്രത്തിനോടു നന്ദി അറിയിക്കുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കൊറോണാ രോഗികള്‍ക്കായി 4000 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സര്‍ക്കാര്‍ വാങ്ങി.
നഗരത്തില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് അറിയുന്നതിനായി ഒരു സിറോളജിക്കല്‍ സര്‍വേ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച ഡെല്‍ഹിയില്‍ 21144 പരിശോധനകള്‍ നടത്തി. ഇതുവരെ ഇന്ത്യയില്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന ടെസ്റ്റുകളുടെ കണക്കാണ് ഇത്.