കുറുപ്പംപടിയിൽ അനിൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കൊച്ചി: കുറുപ്പംപടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമുടമ ആർ. അനിൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണ സംഘം അനിൽ കുമാറിൻ്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിച്ച കുറുപ്പംപടി പോലീസ് സ്‌റ്റേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്റ്റേഷനിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മൊഴികളിൽ തിരിമറി ചെയ്തതായാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.

പരാതിയിലെ ആരോപണങ്ങൾ ഇങ്ങനെ:

മൃതശരീരം കണ്ട സ്ഥലം ബന്ധവസാക്കിയില്ല
സൈറ്റ് ഇൻക്വസ്റ്റ് നടത്താതെ ബന്ധുക്കളോട് പറയാതെ മൃതശരീരം മാറ്റി
മകൻ്റെ മൊഴിയിൽ ഗുരുതരമായ വെട്ടിത്തിരുത്തലുകൾ നടത്തി, പറയാത്ത കാര്യങ്ങൾ എഴുതി ചേർത്തു
എഫ്.ഐ.ആറിൻ്റെ ഒന്നാം പേജിൽ ഒന്നാം ഖണ്ഡികയിൽ പൊള്ളലേറ്റ് “മരിച്ചു കിടക്കുന്ന ” കാര്യം എന്നതിൽ “മരിച്ചു ” എന്നത് വെട്ടിക്കളഞ്ഞു
അനിൽ ലുങ്കി ഉടുത്ത് പുറത്ത് പോകുമ്പോൾ മോതിരവും മാലയും ഇടാറില്ല. വാച്ച് ഉപയോഗിക്കാറില്ല. എന്നാൽ സംഭവ ദിവസം ഇതെല്ലാം ഊരി വച്ചിട്ടാണ് പോയതെന്ന് മനഃപൂർവം എഴുതി ചേർത്തു
ആംബുലൻസ് ഞങ്ങൾ വിളിച്ചതല്ല പോലീസാണ് വിളിച്ചത്
സാമ്പത്തീക ബുദ്ധിമുട്ട് കാരണം മരിച്ചതാണെന്ന് മൊഴി കൊടുത്തിട്ടില്ല, അത് മന:പൂർവം എഴുതി ചേർത്തതാണ്
അച്ഛൻ ഭയാനകമാം വിധം കത്തിക്കരിഞ്ഞ് കിടക്കുന്നത് ഏകനായി കാണേണ്ടി വന്ന ഒരു മകൻ്റെ മാനസീകാവസ്ഥ വകവെക്കാതെ മനുഷ്യത്ത രഹിതമായി പെരുമാറി, കടുത്ത മനുഷ്യാവകാശ ലംഘനമാണത്
തെറ്റായതും കളവായതുമായ മൊഴി കൃത്രിമമായി സൃഷ്ടിച്ചു
ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ തുടക്കം മുതൽ ശ്രമിച്ചു, ഇതിനായി ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കി
സംഭവ ദിവസം ഒരു ലിറ്റർ പെട്രോൾ വാങ്ങിയത് മാത്രമാണ് ഏക തെളിവ്, ഇത് ബോധപൂർവം ഉണ്ടാക്കിയതാണ്
സംഭവ ദിവസം ഫോറൻസിക് പരിശോധന നടന്ന ശേഷം കത്തിക്കരിഞ്ഞ നോട്ടും രക്തം പുരണ്ട കടലാസ് കഷണങ്ങളും എങ്ങനെ കിട്ടി?
സംഭവ സ്ഥലത്തെ ഭിത്തികളിൽ വ്യാപകമായി രക്തക്കറ കണ്ടത് അന്വേഷിച്ചിട്ടില്ല
തീ കൊളുത്തപ്പെട്ടത് ഒരു സ്റ്റെയർകെയ്സിൻ്റെ രണ്ടു ഭാഗത്തായിട്ടാണെന്ന് പോലീസ് ഭാഷ്യം. ഇത് വിശ്വസനീയമല്ല. മൃതശരീരം കിടന്നത് ഒരു ഇടനാഴി ഷട്ടറിനോട് ചേർന്നാണ്. എന്നാൽ ഷട്ടറിലെ പെയ്ൻ്റ് കത്തുകയോ ഉരുകുകയോ ചെയ്തിട്ടില്ല.
നാലുഭാഗത്തുള്ള ഭിത്തികളിലും രക്തക്കറ കാണാം, മൃതശരീരം കിടന്നത് പ്ലൈവുഡ് പലകയുടെ മുകളിൽ. എന്നാൽ പ്ലൈവുഡ് കത്തിയിട്ടില്ല, പലകയുടെ മറുവശത്ത് രക്തക്കറയും കാണാം
കുറുപ്പംപടി ടൗണിൻ്റെ ഒത്ത നടുക്കാണ് സംഭവം നടന്നത്. എതിർ വശത്തായി രണ്ട് തുണിക്കടകളും പ്രവർത്തിക്കുന്നു. രാവിലെ 10 നും 3 നും ഇടയിലാണ് സംഭവം നടക്കുന്നത്. ശബ്ദമൊന്നും കേട്ടില്ലെന്നും പറയുന്നു. പട്ടാപ്പകൽ തീപിടിച്ചാൽ ആരും കാണാതിരിക്കുമോ, ശരീരത്ത് പൊള്ളലേൽക്കുമ്പോൾ നിലവിളിക്കാതിരിക്കുമോ?
തുരുത്തിയിൽ പണം വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതിനെ പറ്റി കൂടുതൽ അന്വേഷണം നടത്തിയില്ല
കൊലപാതകമോ?

മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് ആരോപിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ബന്ധുക്കളുടെ അവശ്യം. കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന വിധത്തിൽ ബന്ധുക്കൾ ഉന്നയിക്കുന്ന ചോദ്യങ്ങളും സംശയങ്ങളും ഇങ്ങനെ. പോസ്റ്റ്‌മോർട്ടം നടത്തി വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പേ ആത്മഹത്യയെന്ന് ചിലർ പ്രചരിപ്പിച്ചതിനെത്തുടർന്നായിരുന്നു സംശയങ്ങളുടെ തുടക്കം.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മരണവെപ്രാളം കാണിച്ചതിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ ചാർജു ചെയ്യാൻ കുത്തിയിട്ട നിലയിലായിരുന്നു. മൊബൈൽ ചാർജ് ചെയ്യാൻ വച്ചതിനു ശേഷം ആരെങ്കിലും ആത്മഹത്യ ചെയ്യുമോ? മൃതദേഹം കണ്ടെത്തുന്ന സമയത്ത് ഓഫീസ് മുറിയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.

പെട്രോൾ വാങ്ങിയത് മുടിക്കരായിയിലുള്ള പമ്പിൽ നിന്നാണ്. അവിടെ നിന്നും കുറുപ്പംപടിയിലേക്ക് അഞ്ച് മിനിറ്റുകൊണ്ട് എത്താം. എന്നാൽ 40 മിനിറ്റിന് ശേഷമാണ് അനിൽ കുറുപ്പംപടിയിലെത്തിയത്. ഇതിൽ ദുരൂഹതയുണ്ട്. വേങ്ങൂരിലുള്ള ഒരാൾക്ക് വലിയൊരു തുക പലിശക്ക് നൽകിയിരുന്നു. മരിക്കുന്നതിന് മുമ്പ് ഈ തുക തിരികെ വാങ്ങാൻ ശ്രമം നടത്തിയിരുന്നതായും പറയപ്പെടുന്നു. അനിലിൻ്റെ ഫോണിലെ കോൾ ഹിസ്റ്ററി ബന്ധുക്കൾക്ക് നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സ്ഥാപനത്തിന്റെ ഗോവണിപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ അനിൽ കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. തീകൊളുത്തി ആത്മഹത്യചെയ്തെന്നാണ് പൊലീസ് ഭാഷ്യം. ചെറുകുന്നത്തെ പെട്രോൾപമ്പിൽ നിന്ന് അനിൽകുമാർ പെട്രോൾ വാങ്ങിപ്പോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാൽ ഇൻക്വസ്റ്റ് തയ്യാറാക്കാതെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ പൊലീസ് നടപടിയിൽ ദുരുഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മകനെത്തുമ്പോൾ സ്ഥാപനം തുറന്നുകിടക്കുന്ന നിലയിലായിരുന്നു.