“കെറോണില്‍” കൊറോണ ഭേദമാക്കുന്ന വ്യാജ പ്രചാരണം; രാംദേവ് അടക്കം അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു

ജയ്പൂര്‍: കൊറോണ രോഗം ഭേദമാക്കുന്ന ആയുര്‍വേദ മരുന്ന് വികസിപ്പിച്ചെടുത്തെന്ന വ്യാജ പ്രചാരണവും അവകാശവാദവും നടത്തിയ ബാബാ രാംദേവ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ ജയ്പൂര്‍ പോലീസ് കേസെടുത്തു. ജ്യോതി നഗര്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കെറോണില്‍ എന്ന പേരില്‍ പുറത്തിറക്കിയ ആയുര്‍വേദ മരുന്ന് കൊറോണ രോഗം ഭേദമാക്കും എന്നു പ്രചരിപ്പിച്ചു ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് എഫഐആറില്‍ ആരോപിക്കുന്ന്. ബാബാരാംദേവിനെ കൂടാതെ പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ, ശാസ്ത്രഞ്ജന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബിര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐ.പിസി. സെക്ഷന്‍ 420 ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ചൊവ്വാഴ്ച്ചയാണ് ഹരിദ്വാറില്‍ കൊറോണില്‍ മരുന്ന് പുറത്തിക്കിയതായി പതഞ്ജലി അറിയിച്ചത്. വൈകാതെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പതഞ്ജലിയോടു ഇതിനെ കുറിച്ച് വിശദീകരണം തേടുകയും മരുന്നിന്റെ പരസ്യം നല്‍കുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തി വക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. കൊറോണില്‍ മരുന്ന് കൊറോണ രോഗത്തിനു ഉത്തമ പ്രതിവിധിയാണെന്നും 280 ഓളം രോഗികളില്‍ പരീക്ഷിച്ചു വിജയിച്ചു എന്നുമാണ് ബാബാ രാംദേവ് അറിയിച്ചിരുന്നത്.

ഇതിനെ തുടര്‍ന്ന് പരീക്ഷണം നടത്തിയ ആശുപത്രിയുടെയും ഗവേഷണ ഫലങ്ങളുടെയും വിവരങ്ങള്‍, ഇന്‍സ്റ്റിട്ട്യൂഷണല്‍ എത്തിക്‌സ്, ക്ലിനിക്കല്‍ പരിശോധനാ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണവും ലൈസന്‍സ് പകര്‍പ്പ് എന്നിവയും നല്‍കണമെന്നു ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു.