മിനിമം ബാലന്‍സ് ഇളവുകൾ ജൂലൈ ഒന്നു മുതല്‍ പിൻവലിക്കും; എടിഎം ഇടപാടുകൾക്ക് ജിഎസ്ടിയും

ന്യൂഡെല്‍ഹി: കൊറോണ രോഗവ്യാപനം മൂലമുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ജൂണ്‍ 30 വരെ മൂന്നു മാസത്തേക്കു നല്‍കിയ എടിഎം നിരക്കുകളിലെയും മിനിമം ബാലന്‍സിനെ സംബന്ധിച്ച ഇളവുകളും ജൂലൈ ഒന്നു മുതല്‍ പിൻവലിക്കും. സാധാരണ നിലയില്‍ മാസത്തില്‍ എട്ടു തവണയാണ് എസ്ബിഐയുടെ എടിഎം വഴി സൗജന്യ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നത്. ഇതില്‍ അഞ്ചെണ്ണം എസ്ബിഐയുടെ എ.ടി.എം കൗണ്ടറുകള്‍ വഴിയും ബാക്കി മൂന്നെണ്ണം മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ വഴിയുമാണ്. മെട്രോ നഗരങ്ങളില്‍ പത്ത് സൗജന്യ ഇടപാടുകള്‍ വരെ നടത്താം.

ഓരോ ബാങ്കുകളും വ്യത്യസ്ഥ നിരക്കുകളാണ് ഇടപാടുകള്‍ക്കു ഈടാക്കുന്നത്. ഇത് ബാങ്കുകളില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ വഴിയോ അറിയാവുന്നതാണ്. സൗജന്യ ഇടപാടുകള്‍ കഴിഞ്ഞുള്ള സേവനങ്ങള്‍ക്ക് ഓരോ തവണ പണം പിന്‍വലിക്കുമ്പോഴും 20 രൂപ സേവന നിരക്കും കൂടാതെ ജിഎസ്ടിയും ഈടാക്കും. ബാലന്‍സ് അറിയുന്നതിനു ഉള്‍പ്പെടെയുള്ള മറ്റു ഇടപാടുകള്‍ക്ക് എട്ടു രൂപയും ജിഎസ്ടിയുമാണ് ഇടാക്കുക.

അതേസമയം എ.ടി.എമ്മില്‍ നിന്നും 5000 രൂപക്കു മുകളില്‍ പണം പിന്‍വലിച്ചാല്‍ ഫീസ് ഇടാക്കാനും കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതായിരുന്നു നിര്‍ദേശം.