സിബിഎസ്ഇ പരീക്ഷാ റദ്ദാക്കിയതും പുതിയ മൂല്യ നിർണയ രീതിയും സുപ്രീം കോടതി അംഗീകരിച്ചു; ഐസിഎസ്ഇ രീതിക്കും അനുമതി

ന്യൂഡെൽഹി: സിബിഎസ്ഇ പരീക്ഷാ റദ്ദാക്കിയതും പുതിയ മൂല്യ നിർണയ രീതിയും സുപ്രീം കോടതി അംഗീകരിച്ചു. പരീക്ഷ റദ്ദാക്കലും പരീക്ഷ മൂല്യ നിർണയം സംബന്ധിച്ചും ഉള്ള സി ബി എസ് ഇയുടെ എല്ലാ നിർദ്ദേശങ്ങളും സുപ്രീം കോടതി അംഗീകരിച്ചു. ജൂലായ് 1 മുതൽ 15 വരെ പ്രഖ്യാപിച്ചിരുന്ന പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും കോടതി തളളി.

പുതിയ അസസ്മെന്റ് സ്കീം അനുസരിച്ചുള്ള സി ബി എസ് ഇ പരീക്ഷ ഫലം ജൂലായ് 15 നകം പ്രഖ്യാപിക്കും.
ഇത് വരെ നടത്തിയ പരീക്ഷകളിലുള്ള വിദ്യാർഥികളുടെ പ്രകടനം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലായിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ ഫലം നിർണ്ണയിക്കുക.

ഐ സി എസ് ഇ യുടെ കാര്യത്തിൽ പ്രത്യേക വിജ്ഞാപനം നടത്താൻ കൗൺസിലിന് കോടതി നിർദ്ദേശം നൽകി. ഐ സി എസ് ഇ , ഐ എസ് സി പരീക്ഷകളുടെ മൂല്യ നിർണയ രീതി വ്യത്യസ്തമായിരിക്കും എന്ന കൗൺസിൽ വാദം കോടതി അംഗീകരിച്ചു. സി ബി എസ് ഇ 10,12 ക്ലാസുകളിലെ മൂല്യ നിർണ്ണയം ഒരേ രീതിയിൽ ആയിരിക്കും.
മുഴുവൻ വിഷയവും എഴുതിയവർക്ക് അതിനു അനുസരിച്ച് മാർക്ക് നൽകും. മൂന്നിൽ കൂടുതൽ പരീക്ഷകൾ എഴുതിയ വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച വിഷയങ്ങളിലെ ശരാശരി മാർക്ക് ആയിരിക്കും റദ്ദാക്കിയ വിഷയങ്ങൾക്ക് നൽകുക. മൂന്നു പരീക്ഷകൾ മാത്രം എഴുതിയവർക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച രണ്ടു വിഷയങ്ങളിലെ മാർക്ക് റദ്ദാക്കിയ വിഷയങ്ങൾക്ക് ലഭിക്കും.

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷ ഫലം മെച്ചപ്പെടുതുന്നതിനായി പിന്നീട് പരീക്ഷക്ക് ഹാജരാവനുള്ള ഓപ്ഷൻ ലഭിക്കും . എന്നാൽ പത്താം ക്ലാസുകളിലെ പ്രഖ്യാപിച്ച ഫലം അന്തിമമായി പരിഗണിക്കും.