ജയ്പൂർ: യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കൊറോണ മരുന്ന് പരീക്ഷിച്ച ആശുപത്രിക്കെതിരെ രാജസ്ഥാൻ സർക്കാർ. ആശുപത്രിക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ജയ്പുരിലെ നിംസ് ആശുപത്രിക്കാണ് രാജസ്ഥാന് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് ആശുപത്രി മരുന്ന് പരീക്ഷിച്ചത്. നിംസുമായി ചേര്‍ന്നാണ് മരുന്ന് വികസിപ്പിക്കുകയും പരീക്ഷണം നടത്തിയതെന്നുമാണ് പതഞ്ജലിയുടെ വാദം. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണ രോഗം ഏഴ് ദിവസത്തിനുള്ളില്‍ മാറുമെന്ന് അവകാശപ്പെട്ട് രാംദേവും പതഞ്ജലി ആയുര്‍വേദിക്സും ചൊവ്വാഴ്ചയാണു കൊറോണില്‍ എന്ന പേരില്‍ പുതിയ മരുന്ന് പുറത്തിറക്കിയത്. ഈ മരുന്ന് 280 പേരില്‍ പരീക്ഷണം നടത്തിയിരുന്നെന്നും മൂന്നു ദിവസത്തിനുള്ളില്‍ 69 ശതമാനം ആളുകളുടെയും ഏഴ് ദിവസത്തിനുള്ളില്‍ 100 ശതമാനം ആളുകളുടെയും കൊറോണ രോഗം മാറിയെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു.