ന്യൂഡെൽഹി: ഡെൽഹിയിൽ അടുത്ത മാസവും സ്കൂളുകൾ അടഞ്ഞുതന്നെ കിടക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നത് ജൂലൈ 31 വരെ നീട്ടിവച്ചു. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടറുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ്.
രാജ്യതലസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ സ്കൂളിലേക്ക് അയക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നഴ്സറി മുതല്‍ എട്ടാം ക്ലാസുവരെ മെയ് 11 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. സ്കൂൾ സിലബസ് 50 ശതമാനം കുറയ്ക്കണമെന്നതായിരുന്നു ഇന്നത്തെ ചർച്ചയിലെ പ്രധാന നിർദേശങ്ങളിലൊന്ന്- സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. മാതാപിതാക്കളുടെ സഹകരണത്തോടെ ഓൺലൈൻ ക്ലാസുകളും പ്രവർത്തനങ്ങളും തുടരണമെന്നും യോഗം തീരുമാനിച്ചു.