ന്യൂഡെല്‍ഹി : മണ്ടത്തരത്തെ കോംപ്ലിമെൻ്റെന്ന് വിശേഷിപ്പിക്കുന്നവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അഭിനന്ദനമാണോ, വിമര്‍ശനമാണോ എന്നറിയാന്‍ പറ്റാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത് മുരളീധരന്‍ ചോദിച്ചു.
കൊറോണ മഹാമാരിക്കെതിരെ രാജ്യം യുദ്ധമുഖത്താണ്. എന്നാല്‍ കേരളസര്‍ക്കാര്‍ യുഎന്‍ വെബിനാര്‍ വരെ പിആര്‍ പ്രവര്‍ത്തനമാക്കുന്നു. യുദ്ധം ജയിച്ച ശേഷം പിആര്‍ വര്‍ക്ക് നടത്താം. എന്നാല്‍ യുദ്ധത്തിനിടെ പിആര്‍ വര്‍ക്ക് നടത്തുന്നത് അല്‍പ്പത്തരമാണ്. ഇത്തരം അല്‍പ്പത്തരം മലയാളികളെ അപഹാസ്യരാക്കും.
സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ മുഖ്യമന്ത്രിയെയും സർക്കാരിനെയും കളിയാക്കിയത്. വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ല. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട അപ്രായോഗിക സമീപനം മാറ്റിയതിനെയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. മണ്ടത്തരം മനസ്സിലാക്കിയതിന് കോംപ്ലിമെന്റ് എന്നാണോ കത്തിലെ ഉള്ളടക്കത്തെ വിശേഷിപ്പിക്കുക.
പ്രവാസികള്‍ക്ക് കൊറോണ ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. തുടര്‍ന്നാണ് മാസ്‌കും ഷീല്‍ഡും ധരിച്ചുവന്നോട്ടെ എന്ന ആവശ്യം വ്യക്തമാക്കി കത്തയച്ചത്. ഇതിനാണ് അപ്രായോഗിക സമീപനം മാറ്റി, പ്രായോഗികതയിലേക്ക് വന്നതില്‍ സന്തോഷം എന്ന് അറിയിച്ചത്.
വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തില്‍ കോവിഡ് പരിശോധന, പിപിഇ കിറ്റ് എന്നിവയെക്കുറിച്ച് പരാമര്‍ശമില്ല. മാസ്‌കും ഫെയ്‌സ്ഷീല്‍ഡും ഗ്ലൗസും ധരിക്കണം എന്ന നിബന്ധന വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോളൂ. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. നിങ്ങളുടെ ആവശ്യം അതത് രാജ്യങ്ങളിലെ അംബാസഡര്‍മാരെ അറിയിക്കാം എന്നാണ് പറഞ്ഞത്. ഇതാണ് അഭിനന്ദനമായി കൊട്ടിഘോഷിച്ചത്. അഭിനന്ദനമാണോ, വിമര്‍ശനമാണോ എന്നറിയാന്‍ പറ്റാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരന്‍ ചോദിച്ചു.
24-ാം തീയതി കേന്ദ്രം എഴുതിയ കത്ത് കേരള സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. കൊറോണ ടെസ്റ്റ്, പിപിഇ കിറ്റ് എന്നിവയില്‍ കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം പ്രായോഗികമല്ല എന്നാണ് കത്തിലുള്ളത്. ഇതാണ് പൂഴ്ത്തിവെച്ചത്. മാസ്‌കും ഷീല്‍ഡും ധരിച്ചുവന്നോട്ടെ എന്ന കത്തിനെയാണ് നല്ല കാര്യമെന്ന് വിശേഷിപ്പിച്ചത്.
ടെസ്റ്റിങ് 15,000 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. വളരെ നല്ല കാര്യം. എന്നാല്‍ ടെസ്റ്റിങ്ങില്‍ കേരളം നില്‍ക്കുന്നത് 28-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിന് 583 ആണ് ദേശീയ ശരാശരി. പിആര്‍ വര്‍ക്കിന് വേണ്ടി ചെലവാക്കുന്ന പണം കൂടുതല്‍ ടെസ്റ്റ് നടത്താനും ക്വാറന്റീന്‍ സെന്റുകള്‍ ഉണ്ടാക്കാനും കേരള സര്‍ക്കാര്‍ വിനിയോഗിക്കണം. പിആര്‍ വര്‍ക്കിലൂടെ കോവിഡിനെ ചെറുക്കാനാവില്ല. ട്രൂനാറ്റ് ടെസ്റ്റ് അടക്കം താന്‍ ഇന്നലെ പറഞ്ഞ ആറു കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.