വേണ്ടിവന്നാൽ ഇടപെടും; അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക; യൂറോപ്പിൽ നിന്ന് സൈന്യത്തെ കുറച്ചു

ബ്രസല്‍സ്: ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ വേണ്ടി വന്നാൽ ഇടപെടാൻ ഒരുങ്ങി അമേരിക്ക. ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും നേരിടുന്ന ചൈനീസ് ഭീഷണിയുടെ പശ്ചാതലത്തിലാണ് അമേരിക്ക യൂറോപ്പിൽ നിന്ന് സൈന്യത്തെ കുറച്ചതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ബ്രസല്‍സ് ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെയും നടപടികള്‍ ഇന്ത്യക്കും, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു. നേരത്തെ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടു. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈന ഭീഷണി വിതയ്ക്കുകയാണ്. ചൈനീസ് ഭീഷണി മുന്നില്‍ കണ്ട് യൂറോപ്പിലുള്ള അമേരിക്കന്‍ സൈനികരെ മാറ്റി വിന്യസിക്കുമെന്നും മൈക്ക് പോംപിയോ പറഞ്ഞു.

ഏഷ്യയിലെ ചൈനീസ് ഭീഷണി മുന്നില്‍ കണ്ടായിരിക്കും സേനാ വിന്യാസമെന്നും പോംപിയോ അറിയിച്ചു. ചൈനയുടെ ഭീഷണിയെ യൂറോപ്പും അമേരിക്കയും ഒറ്റക്കെട്ടായി നേരിടുമെന്നും മൈക്ക് പോംപിയോ പറഞ്ഞു

.

ജര്‍മ്മനിയിലെ അമേരിക്കന്‍ സേനാ സാന്നിദ്ധ്യം കുറയ്ക്കുകയാണെന്നും ഈ സേനയെ ചൈനീസ് ഭീഷണി നേരിടുന്ന തരത്തില്‍ ഏഷ്യയില്‍ പുനര്‍വിന്യസിക്കുമെന്നുമാണ് പോംപിയോ പറഞ്ഞത്. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും വന്‍ തോതില്‍ സൈനികസാന്നിദ്ധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്. ഇന്ത്യ 36,000 സൈനികരെ കൂടുതലായി ലഡാക്ക് മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ചൈന ഡഗ്‌സാങ് മേഖലയില്‍ പതിനായിരത്തോളം സൈനികരെയും വിന്യസിച്ചിട്ടുണ്ട്.