പെരുമ്പാവൂർ: കസ്റ്റഡിയിലെടുത്ത രണ്ട് പേർക്ക് കൊറോണ ബാധിതരുമായി സമ്പർക്കം കണ്ടെത്തിയതിനെത്തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ അടച്ചു. ബുധനാഴ്ച്ച കസ്റ്റഡിയിലെടുത്തതും സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്നതുമായ മുഴുവൻ പൊലീസുകാരും സ്റ്റേഷന് അകത്ത് തന്നെ ക്വാറൻ്റിനിൽ കഴിയുകയാണ്. നിലവിൽ തൊട്ടടുത്തുള്ള ഡിവൈഎസ്പി ഓഫീസിലാണ് സ്റ്റേഷനിലെ താൽക്കാലിക പ്രവർത്തനം.
കസ്റ്റഡിയിലായവർ താമസിച്ചിരുന്ന പാലക്കാട്ടുതാഴത്തെ സ്ഥലവും ചുറ്റുവട്ടത്തെ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെത്തുടർന്ന് അടപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റി കൊറോണ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിൻ്റെ ഫലമറിഞ്ഞാലേ ആശങ്കകൾ അവസാനിക്കൂ. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അതേ സമയം വിദേശത്ത് നിന്ന് രായമംഗലം പഞ്ചായത്തിൽ എത്തിയ ആൾക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ പുല്ലുവഴി സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാൾ 14 ദിവസമായി ക്വാറൻ്റെനിൽ കഴിയുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
രായമംഗലം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊറോണ കേസ് ആണിത്. നേരത്തേ ചെന്നൈയിൽ നിന്നും റോഡ് മാർഗം എത്തിയ അമ്മയ്ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു.