കൊറോണ ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ എംഎൽഎ

മംഗളൂരു: കൊറോണ ബാധിച്ച മരിച്ചയാളുടെ സംസ്കാര ചടങ്ങില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കര്‍ണാടക എംഎല്‍എ പങ്കെടുത്തത് വിവാദമാകുന്നു. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ മാതൃകയാകേണ്ട എംഎല്‍എയുടെ പ്രവര്‍ത്തി ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. എംഎൽഎയെ തടയാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മംഗളൂരു എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയും കൂടിയായ യു ടി ഖാദറാണ് പിപിഇ കിറ്റ് പോലും ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച മരിച്ച എഴുപതുകാരന്‍റെ കബറടക്കത്തിലാണ് ബോളാർ ജുമാമസ്ജിദിൽ ഖാദര്‍ പങ്കെടുത്തത്. മരിച്ചയാളുടെ അടുത്ത ബന്ധുക്കൾ പോലും ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിച്ച് വിട്ടുനിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ നടപടി.

സംഭവത്തില്‍ ന്യായീകരണവുമായി ഖാദര്‍ രംഗത്ത് വന്നു. ജനങ്ങളുടെ ഭയം അകറ്റാനാണ് താന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വിശദീകരണം. സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് കൊണ്ട് ആര്‍ക്കും കൊറോണ ബാധിക്കില്ല. പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങില്‍ അതുകൊണ്ട് എല്ലാവരും പങ്കെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, പിപിഇ കിറ്റ് ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം സമ്മതിച്ചു.