കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനത്തിലെത്തിയ യുവതിയിൽ നിന്ന് സ്വർണ്ണം പിടികൂടി. ബഹ്റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിലെത്തിയ തൃശൂർ സ്വദേശിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. പത്ത് ലക്ഷം വില വരുന്ന 240 ഗ്രാം സ്വർണ്ണമാണ് ഇവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
ഈ വർഷം നിരവധി തവണ ഇവർ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് സൂചന. കൊറോണ പശ്ചാത്തലത്തിലും വിമാനത്താവങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്. നേരത്തെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സമാനമായ രീതിയില്‍ സ്വർണം പിടികൂടിയിരുന്നു.
റാസൽഖൈമയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിൽ നിന്നാണ് സ്വര്‍ണം പിടിച്ചത്. കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. കരിപ്പൂരിൽ തന്നെ ചാർട്ടഡ് വിമാനങ്ങളിൽ സ്വർണ്ണക്കടത്ത് നടത്തിയ 4 പേരെയും കസ്റ്റംസ് ഇൻറലിജൻസ് അറസ്റ്റ് ചെയ്തിരുന്നു.
ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണവും ദുബായിൽ നിന്നുള്ള ഫ്ലൈ ദുബായ് വിമാനത്തിലെ മൂന്ന് യാത്രക്കാരില്‍ നിന്ന് ഒന്നേകാൽ കിലോ സ്വർണവുമാണ് പിടികൂടിയത്.