കേരളത്തിൽ ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 113 ഹോട്ട് സ്‌പോട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ പ്രഖ്യാപിച്ചു. ഇതോടെ നിലവില്‍ ആകെ 113 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. എറണാകുളം ജില്ലയിലെ മലയാറ്റൂര്‍-നീലേശ്വരം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ (18, 20), വോര്‍ക്കാടി (6), തൃക്കരിപ്പൂര്‍ (1,4), മടിക്കൈ (2), മൊഗ്രാല്‍ പുത്തൂര്‍ (1), തൃശൂര്‍ കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 11, 15, 19, 20), കാട്ടക്കാമ്പാല്‍ (6, 7, 9), കടവല്ലൂര്‍ (14, 15, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 5 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ നെല്ലായി (14), അലനല്ലൂര്‍ (20), മലപ്പുറം ജില്ലയിലെ അതവനാട് (4, 5, 6, 7, 20), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (38), കല്‍പ്പകഞ്ചേരി എന്നിവയേയാണ് ഒഴിവാക്കിയത്.

കേരളത്തിൽ ഇന്ന് 123 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. 53 പേർ ഇന്ന് രോ​ഗമുക്തരായി. പുതിയ രോഗബാധിതരിൽ 84 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ആറ് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു.

പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-39, സൗദി അറേബ്യ-17, യു.എ.ഇ.-13, ഒമാന്‍-6, ഖത്തര്‍-3, നൈജീരിയ-2, ഘാന-1, ബഹറിന്‍-1, റഷ്യ-1, മാള്‍ഡോവ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി-10, തമിഴ്‌നാട്-8, മഹാരാഷ്ട്ര-7, കര്‍ണാടക-3, ഗുജറാത്ത്-1, ഒറീസ-1, ഹരിയാന-1, ബീഹാര്‍-1, ഉത്തര്‍പ്രദേശ്-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും എറണാകുളം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 53 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ആലപ്പുഴ-1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേരുടെവീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1941 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.