കറാച്ചി: പാകിസ്ഥാനിലെ പൈലറ്റുമാരിൽ മുപ്പത് ശതമാനത്തിൽ കൂടുതൽ പേർക്കുമുള്ളത് വ്യാജ ലൈസൻസാണെന്ന് റിപ്പോർട്ട്. പാക് വ്യോമായന മന്ത്രി ഗുലാം സർവാർ ഖാൻ ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത് . രാജ്യത്തെ 260 ൽ കൂടുതൽ പൈലറ്റുമാർ യോഗ്യരല്ലെന്നും പണം നൽകിയാണ് ലൈസൻസ് തരപ്പെടുത്തിയതെന്നുമാണ് മന്ത്രിയുടെ ആരോപണം.
പാകിസ്ഥാൻ ദേശീയ അസംബ്ലിയിലാണ് മന്ത്രിയുടെ പരാമർശം. വിവിധ ആഭ്യന്തര സർവീസുകളിലായി 850 ൽ കൂടുതൽ പൈലറ്റുമാരാണ് പാകിസ്ഥാനിലുള്ളത്. സിഎൻഎൻ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം കറാച്ചിയിൽ നടന്ന വിമാന അപകടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. നൂറോളം പേരാണ് അന്ന് അപകടത്തിൽ കൊല്ലപ്പെട്ടത്.
കറാച്ചിയില്‍ മേയ് 22ന് നടന്ന വിമാനാപകടത്തില്‍ 97 പേരുടെ മരണത്തിനിടയാക്കിയത് പൈലറ്റുമാരുടെ അമിത ആത്മവിശ്വാസവും അശ്രദ്ധയുമാണെന്ന് വ്യോമയാന മന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പൈലറ്റുമാർ യാത്രയിലുടനീളം കൊറോണയെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നുവെന്നും വിമാനത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധിച്ചില്ലെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റുമാരുടെ വ്യാജ ലൈസൻസ് വിവാദവും കൊഴുക്കുന്നത്.