തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമനോഷ് ഘോഷ് കൊറോണ ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമനോഷ് ഘോഷ് (60) കൊറോണ വൈറസ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഘോഷ്. അടുത്തിടെ ദുര്‍ഗാപൂരിലായിരുന്ന അദ്ദേഹത്തിനു അവിടെ നിന്നും മടങ്ങുമ്പോഴാണ് അസുഖം പിടിപെട്ടത്. അദ്ദേഹത്തിന്റെ ഒന്നലധികം അവയവങ്ങള്‍ക്ക് തകരാറുണ്ടായിരുന്നു.

1998 മുതല്‍ ടിഎംസി. ട്രഷററായിരുന്ന ഘോഷ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത സഹായിയായിരുന്നു. സിബിഎസ്ടിസി ചെയര്‍മാനായിരുന്നു അദ്ദേഹം. മമത ബാനര്‍ജിയും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും ഘോഷിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. 35 വര്‍ഷമായി ഘോഷ് തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. പൂരിപ്പിക്കാന്‍ പ്രയാസമുള്ള ഒരു ശൂന്യത അദ്ദേഹം അവശേഷിപ്പിച്ചു എന്നും അവര്‍ കൂട്ടിചേര്‍ത്തു. കളിഘട്ട് പ്രദേശത്തായിരുന്നു ഘോഷ് താമസിച്ചിരുന്നത്. വൈറസ് ബാധയില്‍ നിന്നും ഭാര്യയും മക്കളും സുഖം പ്രാപിച്ചിരുന്നു.

ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് 580 പേരോളം രോഗബാധ മൂലം മരിച്ചു. 14728 കൊറോണ കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിൽ കൊറോണ വൈറസ് മൂലം ജൂണ്‍ 10 ന് ഡിഎംകെ എംഎല്‍എ. അന്‍പഴകന്‍ ചൈന്നൈയിലെ ആശുപത്രിയില്‍ മരിച്ചിരുന്നു.