ജയ്പൂര്‍: കൊറോണ ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ മരുന്നിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരുന്നുപരീക്ഷണം നടത്തിയത് നിയമലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ച് ബാബാ രാംദേവിനെതിരെ കേസ് കൊടുക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെട്ട് പതഞ്ജലി വികസിപ്പിച്ചെടുത്ത കൊറോണില്‍ മരുന്ന് രോഗബാധിതരില്‍ പരീക്ഷിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം.
ഇത് മരുന്ന് പരീക്ഷണമല്ല, തട്ടിപ്പാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ആരോപിച്ചു. മൂന്നു ദിവസത്തിനുളളില്‍ നിംസില്‍ നിന്ന് പരിശോധനാ ഫലം ലഭിക്കില്ല. മരുന്ന് നല്‍കിയത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ്. നിംസിന് പുറമേ മറ്റ് പ്രദേശങ്ങളിലും കൊറോണ ബാധിതരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അന്ന് തന്നെ കണ്ടെത്തിയിട്ടുണ്ടെണ്ടും രാജസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നു.
അതേസമയം പതഞ്ജലി പുറത്തിറക്കിയ മരുന്നിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മരുന്നിന്റെ ചേരുവകള്‍, ഗവേഷണ വിവരങ്ങള്‍ എന്നിവ നല്‍കാനാണ് ആയുഷ് വകുപ്പിന്റെ നിര്‍ദേശം. അതുവരെ കൊറോണ മരുന്ന് എന്ന തരത്തില്‍ പരസ്യം നല്‍കരുതെന്നും പതഞ്ജലിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.