ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഐസിഎസ്ഇ പരീക്ഷയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ജൂലൈ 1 മുതൽ 15 വരെ പരീക്ഷ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊറോണ ആശങ്ക നിലനിൽക്കുന്നതിനാൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷാകർത്താക്കൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രക്ഷാകർത്താക്കളുടെ ആശങ്ക മനസ്സിലാക്കുന്നതായും ഇന്നു വൈകിട്ടോടെ അന്തിമ തീരുമാനമെടുത്തു നാളെ കോടതിയിൽ ബോധിപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചതോടെ കോടതി ഹർജി നാളത്തേക്കു മാറ്റി.
സിബിഎസ്ഇ ഹർജി പരിഗണിക്കുന്നതിനിടെ ഐസിഎസ്ഇ പരീക്ഷയെക്കുറിച്ചുള്ള ആശങ്കയും കോടതി ചൂണ്ടിക്കാട്ടി. സിബിഎസ്ഇ തീരുമാനം കാക്കുകയാണെന്നു സിഐഎസ്‌സിഇക്കു വേണ്ടി അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചു. ഇതോടെ ഇക്കാര്യവും നാളെ പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.