കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം മുപ്പതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് മമത ബാനര്‍ജി സര്‍ക്കാരിന്റെ തീരുമാനം. കൊറോണ വ്യാപനം തുടരുന്നതുകൊണ്ടാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്നും ലോക്ക്ഡൗണില്‍ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
പുതിയ തീരുമാന പ്രകാരം ജൂലൈ 31 വരെ ബംഗാളില്‍ ലോക്ക്ഡൗണ്‍ തുടരും. മൂന്നു മണിക്കൂര്‍ നീണ്ട സര്‍വകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. ചൊവ്വാഴ്ച ബംഗാളില്‍ 370 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 14,728 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊറോണ ബാധിച്ചത്. 580 പേര് രോഗം ബാധിച്ചു മരിച്ചു.