തിരുവനന്തപുരം: പ്രവാസികൾ വിദേശത്തുനിന്നു വരുമ്പോൾ നടത്തേണ്ട കൊറോണ പരിശോധന, പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ സംബന്ധിച്ചു സംസ്ഥാന സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ ടെസ്റ്റ് നടത്തുന്നതിന് ആത്മാർഥമായി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. യാത്രാ സമയത്തിന് 72 മണിക്കൂർ മുൻപ് ടെസ്റ്റ് നടത്തണം. നിർദേശങ്ങൾ നാളെ മുതൽ നടപ്പിൽവരും.
ടെസ്റ്റിന്റെ സാധുത 72 മണിക്കൂറായിരിക്കണം. എല്ലാ യാത്രക്കാരും കൊറോണ ജാഗ്രതാ സൈറ്റിൽ റജിസ്റ്റർ ചെയ്യണം. എത്തിച്ചേരുന്ന വിമാനത്താവളത്തിൽ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സ്ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിർത്തി കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റും. വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത യാത്രക്കാർ രോഗലക്ഷണമില്ലെങ്കിൽകൂടി ഇവിടെയെത്തുമ്പോൾ വിമാനത്താവളത്തിൽ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. പോസിറ്റീവാകുന്നവർ ആർടി പിസിആർ, ജീൻ എക്സ്പ്രസ്, ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിസൾട്ട് എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ പോകണം. എല്ലാ രാജ്യങ്ങളിൽനിന്നുള്ളവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്. കൈയ്യുറ എന്നിവ ധരിക്കണം. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ ഉപയോഗിക്കണം.
സൗദി അറേബ്യ– പിപിഇ കിറ്റ് ധരിച്ചിരിക്കണം. എൻ 95 മാസ്കും ഫേസ് ഷീൽഡും കയ്യുറയും മാത്രം ധരിച്ചാൽ പോര.
കുവൈത്ത്– ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവരും പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ ടെസ്റ്റിന് വിധേയരാകണം.
ഖത്തർ– ഇഹ്തെറാസ് എന്ന മൊബൈൽ ആപിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരാകണം. ഇവിടെയെത്തുമ്പോൾ കോവിഡ് ടെസ്റ്റിന് വിധേയരാകണം
യുഎഇ– കൊറോണ ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണം, രാജ്യത്തിന് പുറത്തേക്ക് വിമാനമാർഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.
ഒമാൻ, ബഹ്റൈൻ– എൻ 95, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ നിർബന്ധമായും ധരിക്കണം. സാനിറ്റൈസർ കരുതണം