ദുബായ്: മോഷണശ്രമത്തിനിടെ ദുബായിൽ യുവ ഇന്ത്യൻ ദമ്പതികളെ കൊലപെടുത്തിയ സംഭവത്തിൽ പാക്കിസ്ഥാൻകാരൻ മോഷ്ടാവ് പിടിയിൽ. അറേബ്യൻ റാഞ്ചസ് മിറാഡറിലെ വില്ലയിലെ ഹിരൻ ആദിയ, വിധി ആദിയ എന്നീ യുവദമ്പതികളെയാണ് പാക്കിസ്ഥാൻകാരൻ കൊലപ്പെടുത്തിയത്. ഷാർജ ആസ്ഥാനമാക്കി ബിസിനസ് നടത്തിവരികയായിരുന്നു ഹിരൺ ആദിയയും വിധി ആദിയയും. ഷാർജ ഓയിൽ ആൻഡ് ഗ്യാസ് കരാറുകാരൻ്റെ സീനിയർ ഡയറക്ടറായിരുന്നു കുത്തേറ്റു മരിച്ച ഗുജറാത്ത് സ്വദേശി ഹിരൺ അദിയ.
ഈ മാസം 18നായിരുന്നു സംഭവം. ഹിരൺ താമസിച്ചിരുന്ന വീടിൻ്റെ മതിൽ ചാടിക്കടന്ന് പോർട്ടിക്കോയിലെത്തിയ പാക്കിസ്ഥാൻകാരൻ മോഷ്ടാവ് തുറന്നു കിടന്ന വാതലിലൂടെ അകത്ത് കടന്നാണ് മോഷണത്തിന് ശ്രമിച്ചത്. താഴത്തെ നിലയിൽ നിന്ന് 2000 ദിർഹം കവർന്ന ഇയാൾ ഹിരണിൻ്റെ ഭാര്യയെ കൊലപ്പെടുത്തി. ഭാര്യയെ അന്വേഷിച്ചെത്തിയ ഹിരണിനെയും കൊലപ്പെടുത്തി. ശബ്ദം കേട്ട് എത്തിയ പതിനെട്ടുകാരി മൂത്ത മകൾ രക്തത്തിൽ കുളിച്ച മാതാപിതാക്കളെ കണ്ടമാത്രയിൽ തന്നെ കൊലയാളി മോഷ്ടാവ് പെൺകുട്ടിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇതിനു ശേഷം കടന്നുകളയുകയായിരുന്നു.
രണ്ടു വർഷം മുമ്പ് വീട്ടിലെ അറ്റകുറ്റപണികൾക്കെത്തിയ സംഘത്തിൽ പെട്ട പാക്കിസ്ഥാൻകാരൻ ഇവിടെ ധാരാളം സ്വത്തും സ്വർണവും ഉണ്ടെന്ന് മനസിലാക്കിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ജോലിയില്ലാതിരുന്ന ഇയാൾ മോഷണത്തിന് എത്തുകയായിരുന്നു. ഇതിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് ദുബായ് പോലീസ് സംശയിക്കുന്നു.
സംഭവത്തെ തുടർന്ന് മിറഡോർ വളഞ്ഞ ദുബായ് പോലീസ് കൊലയാളിയെ അതിവിദഗ്ധമായി പിടികൂടി.വിരലടയാളവും ഡിഎൻഎ പരിശോധനയും സിസിടിവി യും അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായി.
ദമ്പതികളുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവ പിന്നീട് കണ്ടെത്തി. ദമ്പതികൾക്ക് 18, 13 വയസുള്ള പെൺമക്കളുണ്ട്. ഇവർ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു. ദുബായ് പൊലീസ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവസ്ഥലത്തിന് ഒരു കിലോമീറ്റർ അകലെ കൊലയാളി വലിച്ചെറിഞ്ഞ കത്തി കണ്ടെത്തിയതായി പ്രദേശം പരിശോധിച്ച സിഐഡി മേധാവി ബ്രിഗേഡിയർ ജമാൽ അൽ ജലാഫ് പറഞ്ഞു.
സംഭവം അക്ഷരാർഥത്തിൽ ദുബായ് നഗരത്തെ നടുക്കി. കഴിഞ്ഞ ഇരുപതു വർഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമാണെന്ന് വില്ലയിലെ താമസക്കാർ പറഞ്ഞു.
കവാടങ്ങളിൽ വാലറ്റുകളും ഫോണുകളും സൂക്ഷിക്കുന്ന പ്രവണത മോഷ്ടാക്കൾ പ്രയോജനപ്പെടുത്തി.
1,200 ലധികം സുരക്ഷാ ക്യാമറകൾ റെസിഡൻഷ്യൽ ഏരിയകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ആവശ്യമായ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.അറേബ്യൻ റാഞ്ചുകളിലെ താമസക്കാർക്ക് പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.