പതഞ്ജലി കൊറോണില്‍ ടാബ്‌ലെറ്റ് പുറത്തിറക്കി; കൊറോണയ്ക്ക് ഉത്തമമെന്ന് അവകാശവാദം

ന്യൂഡെല്‍ഹി: കൊറോണ പ്രതിരോധത്തിനായി ലോകമെങ്ങും പോരാടുമ്പോള്‍ ബാബാ രാംദേവിൻ്റെ പതഞ്ജലി ആയുര്‍വേദ് കൊറോണ വൈറസിന് ചികിത്സിക്കാൻ ഉത്തമമെന്ന് അവകാശപ്പെട്ട് കൊറോണില്‍ ടാബ്‌ലെറ്റ് പുറത്തിറക്കി. പ്രൊഫ. ബല്‍ബിര്‍ സിംഗ് തോമര്‍, ആചാര്യ ബാല്‍കൃഷ്ണ എന്നിവരുടെ പരിശ്രമത്തിലൂടെയാണ് ടാബ്‌ലെറ്റ് പുറത്തിറക്കിയതെന്നു പതഞ്ജലി അറിയിച്ചു.

ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്കും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. ക്ലിനിക്കല്‍ ട്രയലിന്റെ ഫലങ്ങള്‍ ഉടൻ കമ്പനി പങ്കു വയ്ക്കുമെന്നു ആചാര്യ ബാല്‍കൃഷ്ണ പറഞ്ഞു. മൂന്നു ദിവസം കൊണ്ട് 69 ശതമാനം രോഗികളും സുഖപ്പെട്ടു എന്നാണ് ബാബാ രാം ദേവ് പുറത്തിറക്കല്‍ ചടങ്ങില്‍ അവകാശപ്പെട്ടത്. നൂറു ശതമാനം ഫലം ലഭിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ആയുര്‍വേദ ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്ന അശ്വഗന്ധ, ഗിലോയ്, തുളസി എന്നിവയില്‍ നിന്നും നിര്‍മിച്ച കൊറോണില്‍ രാവിലെയും വൈകീട്ടും ഉപയോഗിച്ചാല്‍ കൊറോണ രോഗികളെ എതാനും ദിവസങ്ങള്‍ കൊണ്ട് സുഖപ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. 545 രൂപയാണ് കൊറോണില്‍ കിറ്റിന്റെ വില.