തിരുവനന്തപുരം: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കൊറോണ പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അംഗീകാരം ലഭിച്ചു. ഇതോടെ 15 സര്‍ക്കാര്‍ ലാബുകളിലും 6 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 21 സ്ഥലങ്ങളിലാണ് കൊറോണ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.
ആലപ്പുഴ എന്‍.ഐ.വി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, പാലക്കാട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലാണ് കൊറോണ പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്.
നാലു മാസത്തിനുള്ളിലാണ് ഈ 21 ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയത്. ഇതിന് റിയല്‍ ടൈം പിസിആര്‍ മെഷീനുകളും അധികമായി ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ 100 പരിശോധനകള്‍ മാത്രം നടത്താന്‍ കഴിഞ്ഞ ലാബുകളില്‍ ഇപ്പോൾ ഇരട്ടിയിലധികം പരിശോധനകള്‍ നടത്താം. എല്ലാ ലാബുകളിലും കൂടി ദിനം പ്രതി 5000 ത്തോളം പരിശോധനകള്‍ നടത്താന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.