കേരളത്തിൽ കൊറോണ ബാധിച്ച 98 ശതമാനത്തിലും ഉറവിടം കണ്ടെത്താനായെന്ന് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ ബാധിച്ച 98 ശതമാനത്തിലും ഉറവിടം കണ്ടെത്താനായിട്ടുണ്ടെന്നും 2 ശതമാനത്തിൽ താഴെ മാത്രമാണ് ഉറവിടം കണ്ടെത്താനാകാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ആകെ കേസുകളിൽ ഉറവിടം കണ്ടെത്താനാകാത്തത് 40 ശതമാനത്തോളം കേസുകളിലാണ്.

ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കൃത്യമായ ഇന്റർവെൻഷൻ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിക്കുകയും സമൂഹവ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഇവയെ കണ്ടെയ്ൻമെന്റ് സോണുകളായി തിരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് സമൂഹവ്യാപനം സംഭവിക്കുന്നത് തടയാൻ ഇതുവരെ സാധിച്ചു. അതിനർഥം സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുപോയി എന്നല്ല. ഇവിടെ നമുക്ക് നിസ്സഹായരായി നിൽക്കാനാകില്ല.

കൊറോണ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളി‍ൽ 60 ശതമാനം കേസുകളിലും ലക്ഷണങ്ങൾ പ്രത്യക്ഷമോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളിലും ലക്ഷണങ്ങൾ മിതമായി കാണുന്നു. തീവ്രമായ തോതിൽ ലക്ഷണങ്ങൾ കാണിക്കുന്നത് ബാക്കിയുള്ള 20 ശതമാനത്തിലാണ്. അവരിൽ അഞ്ചു ശതമാനം പേരിലാണ് അതിതീവ്രമാകുന്നത്. അവരെയാണ് ഐസിയുവിൽ അഡിമിറ്റ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങൾ പുറത്തു കാണിക്കാത്തവരിൽ നിന്ന് രോഗപകർച്ചയ്ക്കുള്ള സാധ്യത കുറവാണെന്നും പറയുന്നു. നമ്മുടെ സംസ്ഥാനത്ത് ഇതു സാരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. നാമിപ്പോൾ വീടിനു പുറത്തിറങ്ങമ്പോഴാണു മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത്. വീടുകളിൽ സാധാരണ പോലെയാണ്. അപ്പോൾ വൈറസ് ബാധിച്ച് രോഗലക്ഷണമില്ലാത്തവർ വീടിനകത്തു പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തും. അതിനാൽ പൊതുസ്ഥലത്ത് ഉള്ളതുപോലെ കരുതൽ വീട്ടിനകത്തും കാണിക്കണം. ആരും രോഗബാധിതർ ആയേക്കാമെന്ന ധാരണയോടെ ഇടപെടണം. ഇതിലും ഗുരുതരമാണ് രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ. ഇത് സമൂപവ്യാപനത്തിലേക്ക് നയിക്കും.