ജാമിയ മില്ലിയ വിദ്യാർത്ഥിനി സഫൂറ സർഗാറിന് ജാമ്യം; കോടതി അനുവാദമില്ലാതെ ഡെൽഹി വിട്ടു പോകരുത്

ന്യൂഡെൽഹി: കോടതിയുടെ അനുവാദം കൂടാതെ ഡെൽഹി വിട്ടു പോകരുതെന്ന അടക്കമുള്ള വ്യവസ്ഥകളോടെ ഡെൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മില്ലിയ വിദ്യാർത്ഥിനി സഫൂറ സർഗാറിന് ജാമ്യം. ഡെൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരിയിൽ ഡൽഹിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഏപ്രിൽ 10ന് സഫൂറ അറസ്റ്റിലാകുന്നത്. രണ്ടര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്നു സഫൂറ. അറസ്റ്റ് ചെയ്യുമ്പോൾ ഗർഭിണിയായിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ജാമ്യം അനുവദിക്കുന്നതിനോട് എതിർപ്പില്ലെന്ന കേന്ദ്രസർക്കാർ നിലപാടിന് പിന്നാലെയാണ് സഫൂറയ്ക്ക് ജാമ്യം ലഭിച്ചത്.

പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങൾ ചെയ്യരുത്, കോടതിയുടെ അനുവാദം തേടാതെ ഡെൽഹി വിട്ടു പോകരുത്, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് സ​ഫൂ​റ അ​റ​സ്റ്റി​ലാ​യ​ത്. ഗൂ​ഢാ​ലോ​ച​ന കു​റ്റ​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ‌ സഫൂറയുടെ ജാമ്യാപേക്ഷ ജൂൺ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ നിർബന്ധിതയായത്.