ന്യൂഡെൽഹി: ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സൈനിക പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. കോർ കമാൻഡർ തല സൈനിക ചർച്ചകളിൽ ഇരുകൂട്ടരും സമവായത്തിലെത്തിയെന്നും ചർച്ചകൾ വിജയകരമെന്നുമാണ് റിപ്പോർട്ടുകൾ.ലഡാക്കിൽ പൂർവ്വസ്ഥിതി തുടരാൻ ചർച്ചയിൽ ധാരണയായി.
ഇന്ത്യയും ചൈനയും തമ്മിൽ 11 മണിക്കൂറിലധികം നീണ്ട മാരത്തൺ കോർ കമാൻഡർ തല ചർച്ചകൾ “സൗഹാർദ്ദപരവും ക്രിയാത്മകവും സൃഷ്ടിപരവുമായിരുന്നുവെന്നാണ് സൂചന.
കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ പ്രദേശങ്ങളിൽ നിന്നും പിൻവാങ്ങുന്നത് യോഗത്തിൽ ചർച്ച ചെയ്തു. ഇരുപക്ഷവും ഇത് നടപ്പാക്കുമെന്നും ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ പിരിഞ്ഞുപോകാൻ സമ്മതിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ പുറത്ത് വന്നിട്ടില്ല.
രണ്ടാം വട്ട കോർ കമാൻഡർ തല ചർച്ച ചൈനയുടെ അഭ്യർഥന മാനിച്ച് മോൾഡോയിലാണ് നടന്നത്. ലഫ്റ്റനന്റ് ജനറൽമാർ തമ്മിലുള്ള ചർച്ചയെത്തുടർന്ന് ഇന്ത്യയിലെയും ചൈനയിലെയും സൈന്യങ്ങൾ പിൻ വാങ്ങുന്നതിനുള്ള റോഡ്മാപ്പ് എങ്ങനെ രൂപപ്പെടുത്തും എന്ന് നിരീക്ഷിക്കും. ജൂൺ 6 ന് കോർ കമാൻഡർമാർ തല കൂടിക്കാഴ്ചയിൽ സമാനമായ തീരുമാനം എടുത്തിരുന്നുവെങ്കിലും യാഥാർഥ്യമായില്ല. ഇന്ത്യയുടെയും ചൈനയുടെയും സേനകൾ തങ്ങളുടെ സൈന്യത്തെ പിൻവലിക്കുന്നതിന് പീരങ്കികളും കവചങ്ങളുമടക്കമായി ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ (എൽഎസി) അടുത്തെത്തിയെന്നാണ് വിവരം.
നേരത്തെ ജൂൺ 6 ന് ഉന്നത കമാൻഡർമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയിലെന്നപോലെ, മെയ് മാസത്തിന് മുമ്പുള്ള അവസ്ഥ പുനസ്ഥാപിക്കാനാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. മെയ് അഞ്ചിന് പാങ്കോംഗ് ത്സോയിൽ നടന്ന മുഖാമുഖത്തിന് മുമ്പായി സ്ഥിതിഗതികൾ പുനസ്ഥാപിക്കുകയെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഇതിനർത്ഥം ചൈനയുടെ നിയന്ത്രണത്തിലുള്ള ഫിംഗർ 4 ൽ നിന്ന് ചൈന പിന്നോട്ട് പോകേണ്ടിവരും. കൂടാതെ ഗ്രേ സോൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിംഗർ നാലിനും ഫിംഗർ 8 നും ഇടയിലുള്ള അവരുടെ കോട്ടകൾ, ബങ്കറുകൾ, നിരീക്ഷണ പോസ്റ്റുകൾ എന്നിവയും നീക്കം ചെയ്യണം. ഫിംഗർ 8 വരെ ഇന്ത്യയുടേതാണ്.
എന്നാൽ ചൈന ഇപ്പോഴത്തെ ധാരണ പാലിക്കുമോ എന്നറിയാൻ കാത്തിരിക്കണം. എന്തായാലും തൽക്കാലത്തേക്ക് സംഘർഷത്തിന് അയവു വന്നെന്നാണ് ഇരുവിഭാഗവും വ്യക്തമാക്കുന്നത്.