കൊച്ചി: ആരോഗ്യപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും കൊറോണ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ചു. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവിന്റേയും പരിശോധനാ ഫലം പോസിറ്റീവാണ്.
ഇവരെയും ഭര്‍ത്താവിനെയും കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് സ്റ്റാഫ് എന്ന നിലയില്‍ വിദേശത്ത് നിന്ന് വന്നവരുടെ അടക്കം വീടുകളില്‍ ഇവര്‍ പോയിട്ടുണ്ട്. അതിനാല്‍ വലിയ സമ്പര്‍ക്കപ്പട്ടിക തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം നായരമ്പലത്ത് കൊറോണ സ്ഥിരീകരിച്ച ആളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ് ജില്ലാ ഭരണകൂടം. വിപുലമായ സമ്പര്‍ക്കപ്പട്ടിക തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ആദ്യം നായരമ്പലം വിട്ട് എവിടെയും പോയിട്ടില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അങ്കമാലി അടക്കം നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ പോയിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കും.
ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖയും പ്രദേശത്തെ ഒരു നഴ്‌സിങ് ഹോമും മൂന്നു ദിവസത്തേക്കു അടക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഡബ്ബിങ് ആര്‍ട്ടിസിറ്റായ ഇയാള്‍ മൂന്നു ദിവസം ബാങ്കും രണ്ടു തവണനഴ്‌സിങ് ഹോമും സന്ദര്‍ശിച്ചിട്ടുണ്ട്. ഓഫീസുകള്‍ അണുവിമുക്തമാക്കിയതിനു ശേഷം വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കും. ഇയാള്‍ ഇവിടെ സന്ദര്‍ശിച്ച സമയത്ത് ഉണ്ടായിരുന്ന ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് ബാങ്കിലും നഴ്‌സിങ് ഹോമിലും ഉണ്ടായിരുന്ന ആളുകളെ തിരിച്ചറിയാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്.
രോഗബാധയുടെ ഉറവിടം കണ്ടെത്തിവരികയാണ്. ഇദ്ദേഹവുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന പതിനൊന്നോളം പേര്‍ ക്വറന്റൈനില്‍ പോയി. ജൂണ്‍ 10 ന് ഇയാള്‍ കടവന്ത്രയില്‍ ഉള്ള ഡബ്ബിങ് സ്റ്റുഡിയോ സന്ദര്‍ശിച്ചു. ജൂണ്‍ 11 നാണ് പനിയും തൊണ്ട വേദനയും കാരണം നഴ്‌സിങ്ങ് ഹോമില്‍ പോയത്. ഏതാനും ദിവസങ്ങള്‍ മരുന്നു കഴിച്ചിട്ടും മാറാത്തതിനെ തുടര്‍ന്ന് വീണ്ടും നഴ്‌സിങ്ങ് ഹോമില്‍ എത്തുകയായിരുന്നു. അതിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ പിന്നീട് കളമശേരി മെഡിക്കല്‍ കോളേജിലേക്കു മാറ്റി.