പരിമിതമായ ആളുകൾക്കേ ഈ വര്‍ഷം ഹജ്ജ് അനുവദിക്കൂ ; സൗദി നിലപാട് വ്യക്തമാക്കി

റിയാദ്: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് മാത്രമേ ഈ വര്‍ഷത്തെ ഹജ്ജ് നടത്താന്‍ അനുവദിക്കൂ എന്ന് സൗദി ഹജ്ജ് മന്ത്രാലയം. സൗദി പൗരന്മാര്‍ക്കും നിലവില്‍ രാജ്യത്തിനകത്ത് താമസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുവാദമുള്ളൂവെന്ന് രാജ്യം അറിയിച്ചു. എത്ര പേര്‍ക്ക് ഹജ്ജില്‍ പങ്കെടുക്കാമെന്നു വ്യക്തമാക്കിയിട്ടില്ല.

സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടും ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിച്ചുമായിരിക്കും ഹജ്ജ് നടത്തുകയെന്നു അധികൃതര്‍ അറിയിച്ചു. എല്ലാവിധ കൊറോണ പ്രോട്ടോകോളും പാലിച്ചു കൊണ്ടായിരിക്കും നടപടികള്‍.

ഏകദേശം 25 ദശലക്ഷത്തിലധികം തീര്‍ഥാടകര്‍ മക്ക-മദീനയിലെ തീർഥാടക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. പ്രതി വര്‍ഷം ഹജ്ജില്‍ നിന്നും സൗദി 12 ബിലല്‍ണ്‍ ഡോളറോളം സമ്പാദിക്കുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി വലിയ തോതിലുള്ള കൊറോണ കേസുകളിലെ വർധനയാണ് സൗദി നേരിടുന്നത്. ഇതിനകം പോസിറ്റീവ് കേസുകള്‍ 160000 കവിഞ്ഞു. 1307 കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം തീര്‍ഥാടകരുടെ അപേക്ഷാ തുക കിഴിവില്ലാതെ തിരികെ നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2.3 ലക്ഷം തീര്‍ഥാടകര്‍ക്ക് പണം തിരികെ നല്‍കുമെന്നു കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.