ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 26 ലക്ഷം കുട്ടികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട കുട്ടികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഭക്ഷ്യകിറ്റ് നൽകുക. അരി, ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറിപൗഡറുകൾ, ആട്ട, ഉപ്പ് ഇത്തരത്തിൽ ഒമ്പതിനങ്ങളാണ് ഉണ്ടാകുക. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 81 കോടി 37 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യവാരത്തോടെ കിറ്റുകൾ വിതരണം ചെയ്യും.

കൊറോണ പ്രതിരോധത്തിന് പൊലീസ് വളണ്ടിയർമാരുടെ സംഭാവന മാനിച്ച് അവരെ ആദരിക്കും. അപ്രീസിയേഷൻ സർട്ടിഫിക്കറ്റും നൽകും. റോപ്പ് – റോട്ടറി പൊലീസ് എൻഗേജ്മെന്‍റ് എന്ന പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ജാക്കറ്റ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ പ്രതിസന്ധിക്ക് ഇടയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിരവധി പദ്ധതികൾ ഇതിനോടകം നടപ്പാക്കി. അംഗനവാടി കുട്ടികൾക്ക് പോഷകാഹാരം വീട്ടിലെത്തിച്ച് നൽകി. ലോക്ക്ഡൗണിൽ റേഷൻ കടകളിലൂടെ ഭക്ഷ്യവിതരണം ഉറപ്പാക്കാനായി. കടകളിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിച്ചു. സൗജന്യകിറ്റുകളും നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ വിദ്യാഭ്യാസത്തിന് സാങ്കേതികസൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്റ്റുഡന്‍റ് പൊലീസ് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളുടെയും 146 കേബിൾ കണക്ഷനും നൽകി. ഏറ്റവും കൂടുതൽ ടിവി വിതരണം ചെയ്തത് കണ്ണൂരിലാണ് – 176. കൊച്ചി സിറ്റിയിൽ 46 സ്മാർട്ട് ഫോണുകൾ നൽകി.