തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍, ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു. സാമൂഹിക അകലം പാലിക്കല്‍ പ്രയാസകരമായതുകൊണ്ടും ബലിതര്‍പ്പണത്തിനായി ഒരുമിച്ച് നദികളില്‍ ഇറങ്ങുന്നത് രോഗ വ്യാപനത്തിനു കാരണമാകുമെന്നതു കണക്കിലെടുത്തുമാണ് തീരുമാനം.
അടുത്തമാസം 20നാണ് കര്‍ക്കടകവാവ്. കര്‍ക്കിടക വാവിനോടനുബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം എല്ലാവര്‍ഷവും ഉണ്ടാകാറുണ്ട്. ഇത്തവണ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബലിതര്‍പ്പണ ചടങ്ങ് ഉപേക്ഷിക്കാനുള്ള കാരണം.
ബലിതര്‍പ്പണ ചടങ്ങില്‍ സാമൂഹ്യ അകലം പാലിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. മാത്രമല്ല ബലിതര്‍പ്പണ ചടങ്ങിന്റെ ഭാഗമായി ഭക്തജനങ്ങള്‍ തര്‍പ്പണത്തിന് മുമ്പും ശേഷവും കൂട്ടമായി വെള്ളത്തില്‍ ഇറങ്ങുന്ന പതിവും ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതായതിനാലാണ് ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.