ന്യൂഡല്‍ഹി: കൊറോണ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതായി അവകാശപ്പെട്ട പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. സര്‍ക്കാര്‍ പരിശോധിക്കുന്നത് വരെ കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന പരസ്യം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ഉത്തരവിട്ടു.
എന്നാൽ മരുന്നിനെക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ (ഐസിഎംആർ ) തയ്യാറായില്ല. മരുന്നിൻ്റെ ഉദ്പാദനവും ഗുണനിലവാരവും ഫലപ്രാപ്തിയുമടക്കമുള്ള കാര്യങ്ങളിൽ പൊതുവെ വ്യാപക സംശയം ഉയർന്നിട്ടുണ്ട്.
ഏഴു ദിവസം കൊണ്ട് കൊറോണ ഭേദപ്പെടുത്തുമെന്ന അവകാശവാദവുമായാണ് പതഞ്ജലി സ്ഥാപകനും യോഗ-ആയുര്‍വേദ വ്യവസായിയുമായ ബാബ രാംദേവ് കൊറോണില്‍ സ്വാസാരി എന്ന മരുന്ന് ഇന്ന് പുറത്തിറക്കിയത്. രോഗികളില്‍ മരുന്നിന്റെ പരീക്ഷണം 100 ശതമാനം വിജയമായിരുന്നെന്നും പതഞ്ജലിയുടെ അവകാശവാദം.
രാജ്യത്തുടനീളം 280 രോഗികളിലാണ് മരുന്ന് പരീക്ഷച്ചതെന്ന് ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാംദേവ് പറഞ്ഞിരുന്നു. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്ന് ദിവസംകൊണ്ട് സുഖപ്പെട്ടു. ഒരാഴ്ചകൊണ്ട് 100 ശതമാനം രോഗമുക്തി നേടാമെന്നും അദ്ദേഹം പറയുന്നു.