കൊറോണ ബാധിതനെന്ന വിവരം മറച്ചുവച്ചു; തിരുവനന്തപുരം കൈതമുക്ക് സ്വദേശിക്കെതിരെ കേസ്

തിരുവനന്തപുരം: കൊറോണ ബാധിതനെന്ന വിവരം മറച്ചുവച്ച തിരുവനന്തപുരം കൈതമുക്ക് സ്വദേശിക്കെതിരെ കേസ്. ചെന്നെയിൽ നിന്ന് എത്തിയ ഇയാൾ ചെങ്കൽപ്പെട്ട് മെഡിക്കൽ കോളേജിൽ കൊറോണ ചികിത്സയിലായിരുന്നു. രോഗം ഭേദമാകാതെ ഡിസ്ചാർജ്ജ് വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തുകയായിരുന്നു. രോഗവിവരമോ, ചികിത്സാ വിവരമോ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് അമ്പത്തി നാലുകാരനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.

അതേസമയം തിരുവനന്തപുരം നഗരത്തിലടക്കം ചന്തകളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവര്‍ത്തിക്കുക. ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാൻ ചാലയും പാളയവും ഉൾപ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. പഴം,പച്ചക്കറി കടകൾ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകള്‍ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവില്‍പനക്കാർ 50 % മാത്രമേ പാടുള്ളു.